ആശ്വസിക്കാൻ വകയില്ല: കൂടുതൽ പരിശോധന എന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ആശ്വസിക്കാൻ ഒന്നുമില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടുതൽ ടെസ്റ്റുകൾ നടത്താത്തതുകൊണ്ടാണ് രോഗബാധിതരുടെ എണ്ണം ഉയരാത്തത് എന്നാണു ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. എല്ലാ രാജ്യങ്ങൾക്കുമുള്ള ലോകാരോഗ്യ സംഘടനയുടെ ഉപദേശം ‘കൂടുതൽ പരിശോധന’ എന്നത് മാത്രമാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ എന്തുകൊണ്ട് കൂടുതൽ പരിശോധനകൾക്ക് തയ്യാറാകുന്നില്ല എന്ന ചോദ്യം ലോകമാധ്യമങ്ങൾ ഉയർത്തുന്നുണ്ട്.

ഇന്ത്യയിൽ ഇതുവരെ ആകെ 16000 ടെസ്റ്റ് മാത്രമാണ് നടന്നത്. ആഴ്ചയിൽ 5000 ടെസ്റ്റ് എന്ന കണക്കിൽ. അതിൽ 341 കേസ് സ്ഥിരീകരിച്ചു. അമേരിക്കയിൽ ഒന്നര ലക്ഷത്തോളം പേരെ ടെസ്റ്റ് ചെയ്തപ്പോഴാണ് 27000 പേർക്ക് രോഗം സ്ഥിരീകരിച്ചത്. അവിടെ ആഴ്ചയിൽ 26000 ടെസ്റ്റ് എന്ന കണക്കിൽ പരിശോധന നടന്നു. ഇറ്റലിയിലാവട്ടെ രണ്ടു ലക്ഷത്തിൽപരം ടെസ്റ്റുകൾ നടത്തി. ആഴ്ചയിൽ 52000 എന്ന കണക്കിൽ. ഇതിൽ 53000 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. കൂടുതൽ ടെസ്റ്റുകൾ നടന്നാൽ മാത്രമേ രോഗബാധിതരുടെ ശരിയായ ചിത്രം ലഭിക്കൂ എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ കേരളത്തിലും ഈ കണക്കിന് ടെസ്റ്റുകളുടെ എണ്ണം കൂടുമ്പോൾ രോഗബാധിതർ കൂടാനിടയുണ്ട്. തമിഴ്നാട്ടിൽ ആകെ 500 പേരെ മാത്രമാണ് ടെസ്റ്റ് ചെയ്തത് എന്നാണ് അറിയുന്നത്. പരിശോധന വ്യാപിപ്പിച്ചാൽ രോഗബാധിതരുടെ എണ്ണത്തിൽ കുത്തനെ വർധന ഉണ്ടായേക്കാം. ഇതുവരെ രാജ്യത്ത് ഏഴുമരണം കോവിഡ് ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. 376 പേർ രോഗബാധിതരാണ്.

Leave a Reply

Your email address will not be published. Required fields are marked *