ViewPoint: പേടിക്കേണ്ടത് രാഷ്ട്രീയം ഇല്ലെന്ന് പറയുന്നവരെ… കാരണം ഇതാണ്

രേണു രാമനാഥ്

Renu Ramanath

ഇന്ന് സമൂഹത്തിൽ വേഗം ശക്തി പ്രാപിച്ചു കൊണ്ടിരിക്കുന്ന ഒന്നാണ് ‘അരാഷ്ട്രീയവാദം ‘. സ്കൂളുകളിലും കോളേജുകളിലും സ്വാശ്രയ മാനേജ്മെൻ്റുകളും സ്വാർത്ഥ്വ താൽപ്പര്യക്കാരും കൊണ്ടുവന്ന അരാഷ്ട്രീയവാദ കാഴ്ചപ്പാട് പൊതു സമൂഹത്തിലേക്കും ഒളിച്ചുകടത്തൽ രാഷ്ട്രീയമെന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.

വളർന്നു വരുന്ന അരാഷ്ട്രീയവാദത്തെക്കുറിച്ച് രേണു രാമനാഥിൻ്റെ കുറിപ്പ് വായിക്കാം.

‘എനിക്ക് രാഷ്ട്രീയമില്ല‘ എന്നു പറഞ്ഞു കൊണ്ട് തുടങ്ങുന്നവരെ പണ്ടേ ചെറിയ പേടിയാണു. കാരണം മറ്റൊന്നുമല്ല. ‘രാഷ്ട്രീയമില്ല‘ എന്ന ആ പറച്ച്ലിന്റെ പുറകിൽ പലപ്പോഴും, പല്ലും നഖവുമുള്ള രാഷ്ട്രീയം ഒളിച്ചിരിക്കുന്നുണ്ടാവും. ഒരു അര മണിക്കൂർ, വേണ്ട, പത്തു മിനിറ്റ് ധാരാളം, സംസാരിച്ചാൽ, ആ പല്ലും നഖവുമൊക്കെ പുറത്തു വരുന്ന മനോഹര ദൃശ്യം കൺകുളിർക്കെ കാണുകയും ചെയ്യാം.

ഞാൻ കോൺഗ്രസ്സാണു,‘ ‘ഞാൻ ബിജെപിയാണു‘ എന്നൊക്കെ തുറന്നു പറയുന്നവരേക്കാൾ അപകടകാരികളാണു പൊതുവെ ഈ ‘രാഷ്ട്രീയമില്ലാ‘ സ്വതന്ത്രർ. കാരണം, ഇവരുടേത് ഹിഡൻ അജണ്ടകളാണെന്നതു തന്നെ. ഈ ‘രാഷ്ട്രീയമില്ലാ‘ നിഷ്പക്ഷതയിലും ‘സ്വതന്ത്ര‘ നിലപാടിലും കുറെയേറെ നിഷ്കളങ്കർ വീണുപോകാറുമുണ്ട്.

ഇങ്ങനെ വീണുപോകുന്നവരെ വിവരമില്ലാത്തവർ എന്നാണു വിശേഷിപ്പിക്കേണ്ടതെങ്കിലും അത് ഇത്തിരി ബുദ്ധിമുട്ടാണു. കാരണം ഇവർക്ക് പല വിഷയങ്ങളിലും ഭയങ്കര വിവരമായിരിക്കും. അതായത്, കേരളത്തിൽ എത്ര തരം വിഷപ്പാമ്പുകളുണ്ടെന്ന് ഇവർ ഏതുറക്കത്തിലും പറയും, പാമ്പുകളുടെ സയന്റിഫിക് പേരും, വിഷത്തിന്റെ സ്വഭാവവും, കടിച്ചാൽ പ്രയോഗിക്കേണ്ട ആന്റിവെനം ഏതെന്നും ഒക്കെ വെള്ളം പോലെ പറയും. പക്ഷെ, പാമ്പിനെ കണ്ടാൽ അത് പാമ്പാണെന്നു മാത്രം തിരിച്ചറിയില്ല. ‘ഓ, അതൊരു കയറല്ലെ, അവിടെ കിടന്നോട്ടെ‘ എന്ന് വിചാരിക്കും. അല്ലെങ്കിൽ എടുത്ത് കഴുത്തിലിട്ടേക്കാനും മതി. ‘വേലീമ്മലിരുന്ന പാമ്പിനെയെടുത്ത് തോളത്തിട്ടു‘ എന്ന ചൊല്ല് ഇവരെക്കണ്ടിട്ട് ഉണ്ടായതാണത്രെ.

ഇങ്ങനെ രാഷ്ട്രീയമില്ലാത്ത ഒരു വ്യക്തിയിൽ നിന്ന് അടുത്തയിടക്ക് ഒരു ഫോൺ വിളി വന്നു. സ്വന്തം പേരും ഊരുമൊന്നും പറയാനുള്ള സാവകാശം പോലുമില്ല വിളിച്ചയാൾക്ക്. കുത്തിക്കുത്തി ചോദിച്ചപ്പോഴാണു പേരും വിവരവും (ഭാഗികമായെങ്കിലും) പറയുന്നത്. വിളിയുടെ ഉദ്ദേശമിതാണു – ലോകത്തിലെ ആകെ മൊത്തം ടോട്ടൽ പീഡനങ്ങൾക്കും എതിരായിട്ട് പ്രതിഷേധിക്കണം. പീഡനങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന എല്ലാ ഭരണകൂടങ്ങൾക്കുമെതിരെ പ്രതിഷേധിക്കണം. എന്നു വെച്ചാൽ, കേന്ദ്ര സർക്കാരിനും, കേരള സർക്കാരിനും എല്ലാം എതിരെ.

‘ഇന്നത്തെ ഇന്ത്യയിൽ കേന്ദ്രം ഭരിക്കുന്ന സർക്കാരിനെയും, കേരളം ഭരിക്കുന്ന സർക്കാരിനെയും ഒരു ബ്രാക്കറ്റിലിട്ട് നടത്തുന്ന ഒരു പ്രതിഷേധപ്പരിപാടിയിൽ പങ്കു ചേരാൻ എനിക്ക് ബുദ്ധിമുട്ടുണ്ടല്ലോ,‘ എന്ന് പറഞ്ഞൊഴിയാൻ നോക്കി.

‘അല്ല, എനിക്കങ്ങനെ രാഷ്ട്രീയമൊന്നുമില്ല….‘

പക്ഷെ, എനിക്കുണ്ട്. കൃത്യമായ ഇടതു രാഷ്ട്രീയം. അതു കൊണ്ടു തന്നെ, ഇതിനോട് യോജിക്കാൻ ബുദ്ധിമുട്ടുമുണ്ട് എന്ന് വ്യക്തമായി പറഞ്ഞു.

പിന്നീടാണു മനസ്സിലായത്, ‘രാഷ്ട്രീയമില്ലാത്ത, സ്ത്രീകൾക്ക് വേണ്ടിയുള്ള, സ്വതന്ത്ര കൂട്ടായ്മ‘യിൽ ആകൃഷ്ടരായ ചില വിവരമുള്ളവർ, എടൂത്ത് കഴുത്തിലിട്ടതിനെ എങ്ങനെ ഇറക്കിവെയ്ക്കും എന്ന തത്രപ്പാടിൽ ഉഴലുന്നുണ്ടെന്ന് !!!

അവരോട് പറഞ്ഞു, ഈ സ്വതന്ത്ര കൂട്ടായ്മകളെ നല്ലപോലെ ഒന്നു നോക്കി വിലയിരുത്തി മനസ്സിലാക്കണം. ബഷീർ പണ്ട് പറഞ്ഞതു പോലെ, ‘അവൻ പല രൂപത്തിലും വരും.‘ പ്രത്യേകിച്ച് തെരഞ്ഞെടൂപ്പുകൾ അടുത്തു വരുന്ന കാലത്ത്. ‘ഞങ്ങൾക്കും കാണണ്ടേ സിനിമ ?‘ എന്ന് നിഷ്കളങ്കമായി ചോദിച്ചു കൊണ്ട്, നിഷ്കളങ്കമായ ഹലാലും ഹറാമും പഠിപ്പിക്കും. നല്ല നല്ല പുരാണകഥകൾ ടീവിയിൽ കാണുന്നത് നല്ലതല്ലേ എന്ന് ചോദിച്ചു കൊണ്ട് രാമക്ഷേത്രത്തിനു തറക്കല്ലിട്ടതു പോലെത്തന്നെ.

കൃത്യമായ രാഷ്ട്രീയം ഉയർത്തിപ്പിടിക്കേണ്ട, തുറന്ന രാഷ്ട്രീയപ്പോരാട്ടങ്ങൾ നടത്തേണ്ട ഒരു നിർണ്ണായക ചരിത്രസന്ധിയിലാണു ഇന്ത്യയിന്ന് എത്തിപ്പെട്ടിരിക്കുന്നത്. ഒരുപക്ഷെ, കേരളത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ ഇരിക്കുമ്പോൾ ഒരിക്കലും മനസ്സിലാവില്ല, മറ്റ് ഇന്ത്യൻ പ്രദേശങ്ങളിലെ അരക്ഷിതാവസ്ഥ. ഗൗരി ലങ്കേഷിനെപ്പോലൊരു പത്രപ്രവർത്തക സ്വന്തം വീട്ടുപടിക്കൽ വെടിയേറ്റു വീണത് തൊട്ടയൽസംസ്ഥാനത്തിലാണു.

ലോക്ക് ഡൗണിന്റെ ആദ്യ മാസങ്ങളിൽ, ബാംഗ്ലൂരിലെ ഭക്ഷണവിതരണവുമായി ബന്ധപ്പെട്ടൂ പ്രവർത്തിച്ചിരുന്ന അഭിഷേക് മജും ദാർ എന്ന നാടകപ്രവർത്തകൻ പറഞ്ഞ കഥകൾ ഞെട്ടലോടെയേ കേൾക്കാനായുള്ളൂ. മുഴുപ്പട്ടിണിയിലാണ്ടു പോയ തൊഴിലാളി കുടുംബങ്ങൾ. തിരിഞ്ഞു നോക്കാത്ത
സംഘപരിവാർ ഭരണകൂടം. കടലാസിൽ മാത്രം നിറയുന്ന റേഷന്റെ കണക്കുകൾ. എൻ. ജി. ഓ കൾ വിതരണം ചെയ്യുന്ന ഭക്ഷണം തങ്ങളുടെ വകയാണെന്നു ജനങ്ങളെ ധരിപ്പിക്കാൻ ശ്രമിക്കുന്ന കൗൺസിലർമാർ. അല്പം അരി വിതരണം ചെയ്യുന്നുണ്ടെങ്കിൽ അത് ഹിന്ദുക്കൾക്ക് മാത്രമേ കിട്ടുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്ന ഭരണനേതൃത്വം. ഇതിനീടയിൽ നിന്നു കൊണ്ട് എന്തെങ്കിലുമൊക്കെ ചെയ്യാൻ പെടാപ്പാടു പെടുന്ന അവിടത്തെ കലാകാര സമൂഹം. അഭിഷേക് മജുംദാറിന്റെ ‘സാൾട്ട്‘ (ഉപ്പ്) എന്ന നാടകം അവിടത്തെ യാഥാർത്ഥ്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന ചിത്രം തരുന്നു. മികച്ച അഭിനേത്രിയും ഗായികയുമായ എം. ഡി പല്ലവി അഭിനയിച്ച്, അവർ തന്നെ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത ടെലി പ്ലേ രൂപത്തിലാണു ‘സാൾട്ട്‘ ഇപ്പോൾ അവതരിപ്പിച്ചിട്ടുള്ളത്.

അതുകൊണ്ട്, പറഞ്ഞു വന്നതെന്തെന്നു വെച്ചാൽ, തൽക്കാലം എനിക്ക് ‘സ്വതന്ത്ര‘ കൂട്ടായ്മകളിലും ആകെ മൊത്തം ടോട്ടൽ പ്രതിഷേധങ്ങളിലും താല്പര്യമില്ല.

അവയുമായി സഹകരിക്കാനുള്ള അഭ്യർത്ഥനകളുമായി എന്നെ വിളിച്ച് ബുദ്ധിമുട്ടേണ്ടതില്ല.

എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്. മുമ്പൊരിക്കൽ പറഞ്ഞതു പോലെ, ഈയടുത്ത കാലത്ത് ‘എന്നാൽ പിണറായി വിജയനു വേണ്ടി ഒന്ന് കൂലിക്കെഴുതിക്കളയാം‘ എന്നു വിചാരിച്ചിട്ട് പൊട്ടി മുളച്ച രാഷ്ട്രീയമല്ല അത്. മുമ്പെന്നത്തേക്കാളുമേറെ ആ രാഷ്ട്രീയനിലപാട് ഉയർത്തിപ്പിടിക്കുകയും, അതിനു വേണ്ടി പൊരുതുകയും ചെയ്യേണ്ട കാലഘട്ടമാണിന്നത്തേത് എന്ന് തിരിച്ചറിഞ്ഞു കൊണ്ടു തന്നെ ഉയർത്തിപ്പിടിക്കുന്ന ഒന്നാണത്.

അതിൽ ആരും വിഷമിച്ചിട്ട് കാര്യവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *