വെയിൽമരങ്ങൾ, ഒരു രാത്രി ഒരു പകൽ – പുണെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേയ്ക്ക്

മുംബൈ: ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ, പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ഒരു രാത്രി ഒരു പകൽ എന്നീ സിനിമകൾ പുണെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ സിനിമാ വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ട 10 സിനിമകളിൽ  ആണ് ഇവ ഉൾപ്പെട്ടിരിക്കുന്നത്. ജനുവരി 9 മുതൽ 16 വരെയാണ് പുണെ ഫെസ്റ്റിവൽ. പുണെ ഫിലിം ഫൗണ്ടേഷനും മഹാരാഷ്ട്ര ഗവണ്മെന്റും ചേർന്ന് സംഘടിപ്പിക്കുന്ന PIFF ന്റെ പതിനെട്ടാമത് എഡിഷനാണ് ഈ വർഷത്തേത്. സംവിധായകൻ ജബ്ബാർ പട്ടേലാണ് ഫെസ്റ്റിവൽ ഡയറക്ടർ.      

നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കപ്പെട്ട വെയിൽമരങ്ങൾ നിരവധി പുരസ്കാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. ഷാങ്ഹായ് മേളയിൽ ഔട്ട്സ്റ്റാന്റിങ് ആർട്ടിസ്റ്റിക്  അച്ചീവ്മെന്റ് അവാർഡ് നേടിയ ചിത്രം തിരുവനന്തപുരം ചലച്ചിത്ര മേളയിൽ നെറ്റ്പാക് പുരസ്കാരവും സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരവും (ഇന്ദ്രൻസ്) സ്വന്തമാക്കി.

കാഴ്ച ഇൻഡീ ഫിലിം ഫെസ്റ്റിവലിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ഒരു രാത്രി ഒരു പകൽ പൂർണമായും ക്രൗഡ് ഫണ്ടിങ്ങിലൂടെ പൂർത്തിയാക്കിയ സിനിമയാണ്.  പുതുമുഖമായ യമുന ചുങ്കപ്പള്ളി, മാരി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുണെ ഫെസ്റ്റിവലിന്റെ അനുബന്ധ ഫെസ്റ്റിവലുകളായ പത്താമത് യശ്വന്ത് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും (മുംബൈ) നാലാമത് ഓറഞ്ച് സിറ്റി ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലും (നാഗ്പൂർ) ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമകളെ പ്രതിനിധീകരിച്ച് സംവിധായകരും അണിയറ പ്രവർത്തകരും ഫെസ്റ്റിവലിൽ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *