ജാതി വ്യവസ്ഥയുടെ ജീര്‍ണ്ണിച്ച അംശങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു: മുഖ്യമന്ത്രി

പട്ടികജാതി – പട്ടിക വര്‍ഗ്ഗവിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നിയമ നിര്‍മ്മാണങ്ങളിലും സര്‍ക്കാര്‍ സര്‍വ്വീസുകളിലും മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനാണ് ഭരണഘടനയില്‍ പ്രത്യേക പ്രാതിനിധ്യത്തിനുള്ള അനുച്ഛേദങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പട്ടിക വര്‍ഗ സംവരണം പുതുക്കുന്നതിനുള്ള പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജാതിവ്യവസ്ഥയും അതിന്റെ ഭാഗമായ സാമൂഹ്യ ഉച്ചനീചത്വവും കൊടികുത്തി വാണിരുന്ന സമൂഹത്തില്‍ പിന്‍തള്ളപ്പെട്ട വിഭാഗങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് അനിവാര്യമായ നടപടിയാണ് പ്രത്യേക പ്രാതിനിധ്യം. നമ്മുടെ സാമൂഹിക സ്ഥിതിയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്നും ജാതി വ്യവസ്ഥയുടെ ജീര്‍ണ്ണിച്ച അംശങ്ങള്‍ പല തട്ടിലും നിലനില്‍ക്കുന്നുവെന്നത് വസ്തുതയാണ്.

രാജ്യത്തിന്റെ പല ഭാഗങ്ങളിലെ ഗ്രാമങ്ങളിലും ഇപ്പോഴും ആവാസ വ്യവസ്ഥയില്‍പ്പോലും ജാതി മുഖ്യ ഘടകമാണ്. ജനങ്ങളെ വേര്‍തിരിക്കുന്ന ജാതിമതില്‍ സ്വാതന്ത്ര്യം പ്രാപിച്ച് ഏഴ് ദശകങ്ങള്‍ക്കു ശേഷവും നിലനില്‍ക്കുന്നു എന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥ നമ്മുടെ സമൂഹത്തില്‍ ഉണ്ട്. നവോത്ഥാനപ്രസ്ഥാനങ്ങളുടെ പാരമ്പര്യമുള്ള കേരളത്തില്‍ ഒരുപക്ഷേ പുതുതലമുറയ്ക്ക് ഇത് ആശ്ചര്യമായി തോന്നാം.

തൊട്ടുകൂടായ്മയും കാണായ്മയും ഈ സമൂഹത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ത്ഥത്തില്‍ പോലും നിലിനിന്നിരുന്നു. എന്നാല്‍ ജനകീയ പ്രസ്ഥാനങ്ങള്‍ പൊതുമണ്ഡലത്തില്‍ നടത്തിയ ശക്തമായി ഇടപെടലുകളാണ് ഇത്തരം അനാചാരങ്ങളെ ചരിത്രത്തിന്റെ ചവറ്റുകുട്ടയിലാക്കിയത്.

വിദ്യാഭ്യാസ പരമായി ദീര്‍ഘകാലം പിന്നോക്കാവസ്ഥ അനുഭവിച്ച വിഭാഗങ്ങള്‍ക്ക് ഭരണഘടന വാഗ്ദാനം ചെയ്യുന്ന സാമൂഹിക സാമ്പത്തിക നീതി ലഭ്യമാകണമെങ്കില്‍ എല്ലാ തലങ്ങളിലും മതിയായ പ്രാതിനിധ്യം പ്രത്യേകമായി ഉറപ്പുവരുത്തേണ്ടത് ഒരു തുടര്‍ ആവശ്യമാണ്. അതിന്റെ ഭാഗമായാണ് ഈ ഭരണഘടനാ ഭേദഗതി പാസ്സാക്കുന്നതിന്റെ ആവശ്യം ഉയര്‍ന്നു വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *