ആർഎസ്എസ് – ഇസ്ലാമിസ്റ്റ്: വിഘടന രാഷ്ട്രീയത്തിന്റെ വിളവെടുപ്പുകാർ

  • ജോസഫ് ലെനിൻ

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള കഠിന പ്രയ്തനത്തിലാണ് ഇന്ത്യയിലെ തീവ്ര ഇസ്ലാംമത വിഭാഗക്കാരായ രാഷ്ട്രീയ പാര്‍ട്ടികള്‍. ഒരുവശത്ത് ഹിന്ദു വര്‍ഗീയത പടര്‍ത്താന്‍ ആര്‍എസ്എസും, മോദി-അമിത് ഷാ നേതൃത്വത്തില്‍ ബിജെപിയും പരിശ്രമിക്കുമ്പോള്‍ മറുവശത്ത് ഇതിന്റെ നിശബ്ദ ഗുണഭോക്താക്കളാകുകയാണ് ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ തുടങ്ങിയ മറുഭാഗം. ആര്‍എസ്എസിന്റെ നയപരിപാടികള്‍ ഇന്ത്യയിലെ മുസ്ലീം ജനവിഭാഗത്തില്‍ വിതയ്ക്കുന്ന ഭീതിയാണ് ഇസ്ലാംമത മൗലീകവാദികളുടെ വളം. അഞ്ചര വര്‍ഷത്തെ മോദി ഭരണം ഇത്തരക്കാരുടെ പ്രവര്‍ത്തനത്തിന് ഉതകുന്ന വളക്കൂറുള്ള മണ്ണായി ഇന്ത്യയെ മാറ്റിയിട്ടുണ്ട്. 
ഒന്നാം എൻഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതു മുതല്‍ ഇന്ത്യയില്‍ ഫാസിസ്റ്റ് ഭരണകൂട പ്രവണതകള്‍ പ്രത്യക്ഷമായിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളായി നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും, ദളിത് പീഡന പരമ്പരകളും ന്യൂനപക്ഷ, അധസ്ഥിത വിഭാഗങ്ങള്‍ക്കിടയില്‍ വിതച്ച ഭീതി ചെറുതല്ല. 2019-ല്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി വന്‍ഭൂരിപക്ഷത്തോടെ രണ്ടാമത് അധികാരത്തില്‍ വന്നതോടെ ഒരു ഹിന്ദു ഫാസിസ്റ്റ് രാജ്യമായി മാറുകയാണ് ഇന്ത്യ. മോദിയുടെ തേരാളിയായി അമിത് ഷാ എത്തിയത് ഈ മാറ്റത്തിന് വേഗത കൂട്ടുന്നു.
ഗോള്‍വാക്കര്‍ 1939ല്‍ തന്റെ എഴുത്തിലൂടെ വിഭാവന ചെയ്ത ഹിന്ദുരാഷ്ട്ര സങ്കല്‍പ്പത്തിലേക്ക് രാജ്യത്തെ നയിക്കുക എന്ന ദൗത്യമാണ് ബിജെപി സര്‍ക്കാരിനുള്ളത്. ഇതിനുള്ള ശ്രമങ്ങള്‍ അവര്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേ ആരംഭിച്ചതാണ്. മോദിയും അമിത് ഷായും മോഹന്‍ ഭഗവതും ഇന്നിന്റെ പ്രതിനിധികള്‍ മാത്രം. 2014ല്‍ ഭൂരിപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചത് മുതല്‍ ഈ വിചാരധാര ബിജെപി രാജ്യത്ത് നടപ്പിലാക്കി വരികയാണ്. ഈ മാറ്റത്തിന് വിഘ്‌നം സൃഷ്ടിക്കാവുന്ന എല്ലാ സംവിധാനങ്ങളെയും ഒന്നൊന്നായി തകര്‍ക്കുകയാണ് ആദ്യ ഘട്ടത്തില്‍ അവര്‍ ചെയ്തത്. ജനാധിപത്യത്തിന്റെ കാവലാകേണ്ട നിമയവ്യവസ്ഥിതിയും, മാധ്യമങ്ങളിലെ വലിയ പങ്കും ഇന്നു മോദിയുടെയും അമിത് ഷായുടെ തീട്ടൂരങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നത് ഈ നടപടികളുടെ വിജയമാണ്. 
മോദി അധികാരത്തില്‍ വന്നതുമുതല്‍ ഇന്ത്യയില്‍ വര്‍ഗീയപരമായ വേര്‍തിരിക്കല്‍ ഉണ്ടായിട്ടുണ്ട്. ഇതിന് സഹായകമായത് ഹിന്ദു വര്‍ഗീയവാദികളുടെ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല. ഹിന്ദു വര്‍ഗീയത വിതച്ച ഭീതിയില്‍ ഇസ്ലാം മത വിഭാഗക്കാര്‍ക്കിടയില്‍ കാര്യമായ ഇടപെടലുകള്‍ നടത്താന്‍ മുസ്ലീം വിഭാഗങ്ങള്‍ക്കിടയിലെ തീവ്രവിഭാഗത്തിന് സാധിച്ചിട്ടുണ്ട്. പശുവിന്റെ പേരിലുള്ള കൊലകള്‍, ജമ്മുകാഷ്മീരിലെ പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമങ്ങള്‍, ഉത്തര്‍ പ്രദേശിലെ എന്‍കൗണ്ടറുകള്‍, ഹിന്ദുത്വവാദികളുടെ വര്‍ഗീയ പ്രചാരങ്ങള്‍ തുടങ്ങിയവ ആദ്യ ഘട്ടങ്ങളില്‍ മുസ്ലീംമത തീവ്രത പ്രചരിക്കുന്നതിനും, പ്രചരിപ്പിക്കുന്നതിനും സഹായകമായി. രണ്ടാം എന്‍ഡിഎയുടെ നയപരിപാടികള്‍ മുസ്ലീംമത വിഭാഗക്കാരെ തെരഞ്ഞാക്രമിക്കുന്നതായിരുന്നു. കലുഷമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ ജമ്മു-കാഷ്മീര്‍ കടന്നു പോകുമ്പോളായിരുന്നു ഭരഘടനപരമായി സംസ്ഥാനത്തിനു നല്‍കിയിരുന്ന 370 എന്ന പ്രത്യേക വകുപ്പ് എടുത്തു കളയാനുള്ള നിയമം അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും നിയമം പാസാക്കുകയും ചെയ്തത്. ജമ്മു-കാഷ്മീര്‍ എന്ന സംസ്ഥാനത്തെ തന്നെ അതിനോടൊപ്പം വിഘടിക്കുവാനും നിയമം കൊണ്ടുവന്നു. അന്നുമുതല്‍ ഇന്നുവരെ കാഷ്മീരിലെ ജനം തടവറയിലാണ്. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിച്ച കാഷ്മീരില്‍ എന്താണ് നടന്നതെന്ന് പോലും വ്യക്തതയോടെ മനസില്ലാക്കാന്‍ ഇന്നുവരെ സാധിച്ചിട്ടില്ല. 
1991ല്‍ എല്‍. കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ബാബ്‌റി മസ്ജിദ് പള്ളി പൊളിച്ച ഹിന്ദുവര്‍ഗീയത കൂടംകൊണ്ട് ഇടിച്ച തകര്‍ത്തത് ഇന്ത്യന്‍ മതേതരത്വത്തിന്റെ മാറാണ്. ഏതാണ്ട് മൂന്ന് പതിറ്റാണ്ടിന് ശേഷം ഇന്ത്യയുടെ പരമോന്നത് നീതിപീഠം ബാബ്‌റി പള്ളിയിരുന്ന സ്ഥലത്ത് രാമക്ഷേത്രം സ്ഥാപിക്കുന്നതിനുള്ള വിധിപ്രഖ്യാപിച്ചതോടെ 20 കോടി വരുന്ന ഇസ്ലാംമത വിശ്വാസികള്‍ വഞ്ചിക്കപ്പെട്ടു. ഒടുവില്‍ പൗരത്വഭേദഗതി നിയമം പാസാക്കിയതിലൂടെ ഇന്ത്യയെ വര്‍ഗീയമായി വിഘടിക്കുക എന്ന കര്‍മപരിപാടി ബിജെപി ആരംഭിച്ചിരിക്കുന്നു. 
ഈ വിഘടന രാഷ്ട്രീയം പാരമ്യത്തില്‍ എത്തുന്നത് സ്വപ്‌നം കണ്ടിരുന്നവര്‍ ഹിന്ദു വര്‍ഗീയവാദികള്‍ മാത്രമല്ല. ഇസ്ലാംമത തീവ്രവിഭാഗക്കാര്‍ ഈ അവസരത്തിനായി തക്കംപാര്‍ത്തിരുന്നവരാണ്. ആര്‍എസ്എസ് എന്നപോലെ മുസ്ലീം വിഭാഗത്തിന്റെ തലച്ചോറാണ് ജമാഅത്തെ ഇസ്ലാമി. ഹിന്ദു ഐക്യവേദിയുടെ ക്രമിനലുകളെ പോലെ ഇസ്ലാം മതത്തിന്റെ പേരില്‍ ഹിംസയുമായി നടക്കുന്നവരാണ് എസ്ഡിപിഐ, പോപ്പുലര്‍ ഫ്രന്റ് തുടങ്ങിയ സംഘടനകള്‍. ഇവര്‍ തമ്മിലുള്ള അകലത്തിന് നൂലിഴ വ്യത്യാസം മാത്രമാണുള്ളത്. ഒന്നു ഹിന്ദുവര്‍ഗീയതയെന്നാല്‍ മറ്റൊന്നു ഇസ്ലാംമത വര്‍ഗീയത. രണ്ടും വെറുപ്പിന്റെയും ഭീതിയുടെയും രാഷ്ട്രീയം പരത്തുന്നു. രണ്ടും എതിര്‍ക്കപ്പെടേണ്ടതും സങ്കോചമില്ലാതെ വിദ്വേഷിക്കപ്പെടേണ്ടതുമാണ്. 
പൗരത്വനിയമത്തിനെതിരേയും രാജ്യവ്യാപകമായി എന്‍ആര്‍സി നടപ്പിലാക്കും എന്ന ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേയും രാജ്യത്ത് വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനക്കെതിരെയുള്ള ആക്രമാണ് പൗരത്വനിയമം. ഭരണഘടന്ന നല്‍കുന്ന മൗലിക അവകാശങ്ങളുടെ പ്രത്യക്ഷമായ ലംഘനമാണ് ഈ നിയമം. ഇതിനെതിരെയുള്ള സമരമാണ് രാജ്യത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാകേണ്ടത്. ഇന്ത്യയുടെ നാനാഭാഗങ്ങളിലായി ആബാലവൃദ്ധം സമരച്ചൂടിലാണ്. 
എന്നാല്‍ ഇതു മുസ്ലീമുകള്‍ക്ക് നേരെയുള്ള ആക്രമണമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ജമാഅത്തെ, എസ്ഡിപിഐ പോലുള്ള സംഘടനകള്‍ ചെയ്യുന്നത്. ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ മതപരമായ വിവേചനം മാത്രം ഉയര്‍ത്തിക്കാട്ടിയുള്ള വിഘടനവാദ രാഷ്ട്രീയമാണ് ഇവര്‍ പയറ്റുന്നത്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മേഖലകളില്‍ ധൈഷണികമായി നിലകൊണ്ടു പ്രവര്‍ത്തിച്ച ജമാഅത്തെയുടെ തലച്ചോര്‍ ഇതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. 
ഡല്‍ഹി പോലീസിനെതിരേ രാജ്യ തലസ്ഥാനത്തെ വിദ്യാര്‍ഥികള്‍ നടത്തിയ സമരത്തിന്റെ മുഖമായി മാറിയ ആയിഷ റെന്ന എന്ന ജാമിയ മിലിയയിലെ ചരിത്ര വിദ്യാര്‍ഥിനി ഈ ജമാഅത്തെ തലച്ചോറിന്റെ സൃഷ്ടിയാണ്. സുഹൃത്തിന് അതിക്രൂരമായി മര്‍ദിക്കുന്ന ഡല്‍ഹി പോലീസിനു നേരെ ചൂണ്ടുവിരല്‍ നീട്ടി ആക്രോശിക്കുന്ന ആയിഷ പൗരത്വനിയമ സമരത്തിനെതിരേയുള്ള ‘ഐക്കണ്‍’ ആയി മാറിയിരുന്നു. എന്നാല്‍ കൊണ്ടോട്ടിയില്‍ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് അതീതമായി നടന്ന ബഹുജന സമരത്തിന്റെ നേതൃത്വം പേറാന്‍ ജമാഅത്തെ നടത്തിയ കുടില തന്ത്രങ്ങള്‍ ഉപകരണമായി മാറിയതും ഇതേ ആയിഷയാണ്. അതകൊണ്ടാണ് സമരത്തെ അഭിസംബോന്ധന ചെയ്ത ആയിഷയുടെ പ്രസംഗം കേരളത്തില്‍ മൗദൂദി രാഷ്ട്രീയത്തിനെതിരായ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. മുമ്പേ നിശ്ചയിച്ചിരുന്നതില്‍നിന്നും മാറി ആയിഷ എന്ന ‘താരത്തെ’ ഉപയോഗിച്ച് ജനകീയ പ്രക്ഷോഭത്തെ തങ്ങളുടെ പേരിലാക്കാനുള്ള ഗൂഡശ്രമം അവിടെയുണ്ടായി. ഇത് തികച്ചും അപലപനീയമാണ്. ഈ ശ്രമങ്ങളെയാണ് ഒരു വിഭാഗം എതിര്‍ക്കുന്നതും. പുര കത്തുമ്പോള്‍ വാഴ വയ്ക്കാന്‍ ശ്രമിയ്ക്കുന്ന ജമാഅത്തെയുടെ മുഖംമൂടി അഴിച്ചെടുക്കേണ്ടതുണ്ട്. 
അയിഷയ്ക്ക് താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയം സംസാരിക്കാന്‍ തീര്‍ച്ചയായും അവകാശമുണ്ട്. എന്നാല്‍ അതിനായുള്ള വേദിയായി ബഹുജന പ്രക്ഷോഭത്തെ ഉപയോഗിച്ചത് മാത്രമാണ് തെറ്റ്. അതേസമയം പിണറായി വിജയനെതിരേ സംസാരിച്ചു എന്ന ഒറ്റ കാരണത്താല്‍ ആയിഷയ്‌ക്കെതിരേ തിരിഞ്ഞ ആള്‍ക്കൂട്ടത്തെയും അവരുടെ രാഷ്ട്രീയ പാപ്പരത്വവും വിമർശിക്കപ്പെടേണ്ടതാണ്. ഒരു സ്ത്രീയ്ക്ക് നേരെ ആക്രോശിക്കുക, എന്തിന്റെ പേരിലും ആയിക്കൊള്ളട്ടെ, അപലപനീയമാണ്.
സ്വതന്ത്രാനന്തര ഇന്ത്യയെ ഏറ്റവും സുന്ദരമായി വിഭാവനം ചെയ്ത മാനിഫെസ്റ്റോയാണ് ഇന്ത്യന്‍ ഭരണഘടന. ഈ സുന്ദര ഭാവനയെ തച്ചുടയ്ക്കാന്‍ ശ്രമിക്കുന്ന ആശയങ്ങള്‍ക്കും നീക്കത്തിനുമെതിരെയുള്ള സമരമാണ് ഇന്ത്യയില്‍ ഇന്നു നടക്കുന്നത്. ഇതിനിടയില്‍ ലാഭം കൊയ്യാന്‍ വരുന്നവരെ തിരിച്ചറിയാനുള്ള രാഷ്ട്രീയ പ്രബുദ്ധത ഇന്ത്യന്‍ ജനതയ്ക്ക് ഉണ്ടാവണം. നാനാത്വത്തിലുള്ള ഏകത്വമാണ് രാജ്യത്തിന്റെ മുഖമുദ്ര. എല്ലാ വിശ്വാസങ്ങളെയും ആശങ്ങളെയും സംസ്‌കാരങ്ങളെയും ഒരേപോലെ ഈ മണ്ണ് സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു. ഈ സവിശേഷയതയാണ് ഇന്ത്യ എന്ന ആശയത്തിന് സൗന്ദര്യം പകരുന്നത്. ഈ സൗന്ദര്യത്തെ വികൃതമാക്കാനുള്ള ശ്രമങ്ങള്‍ക്കെതിരേ ജാഗരൂഗരായിരിക്കുക എന്നതാണ് ശരിയായ രാഷ്ട്രീയം.

Leave a Reply

Your email address will not be published. Required fields are marked *