‘ഇങ്ങനെ വഞ്ചിക്കപ്പെട്ടിട്ടില്ല; പാർടിയും കുടുംബവും പിളർന്നു’

മുംബൈ:
പാർടിയും കുടുംബവും പിളർന്നെന്ന്‌ എൻസിപി നേതാവ്‌ ശരദ്‌ പവാറിന്റെ മകളും പാർലമെന്റ്‌ അംഗവുമായ സുപ്രിയ സുലേ. ശിവസേനക്കൊപ്പം ചേർന്ന്‌ സർക്കാരുണ്ടാക്കനുള്ള എൻസിപിയുടെ നീക്കം ബിജെപി അട്ടിമറിച്ചതിന്‌ പിന്നാലെയാണ്‌ സുപ്രിയയുടെ വാട്ട്‌സ്‌ആപ്പ്‌ സ്‌റ്റാറ്റസ്‌ പ്രത്യക്ഷപ്പെട്ടത്‌. ശരദ്‌ പവാറിന്റെ മകൻ അജിത്‌ പവാറിനെ രായ്‌ക്കുരാമാനം ചാക്കിട്ടുപിടിച്ചാണ്‌ ബിജെപി സർക്കാർ രൂപീകരിച്ചത്‌. താൻ അറിയാത്ത നീക്കമാണിതെന്ന്‌ ശരദ്‌ പവാറും വ്യക്തമാക്കിയി്രുന്നു.

‘ജീവിതത്തിൽ ആരെയാണ്‌ വിശ്വസിക്കാനാവുക. ഇങ്ങനെ വഞ്ചിക്കപ്പെട്ടതായി മുമ്പൊരിക്കലും തോന്നിയിട്ടില്ല. അയാളെ സ്‌നേഹിച്ചു. പലപ്പോഴും അയാൾക്കുവേണ്ടി വാദിച്ചു. എനിക്കെന്താണ്‌ തിരികെ കിട്ടിയതെന്ന്‌ നോക്കൂ’– സുപ്രിയയുടെ സ്‌റ്റാറ്റസിലെ വാക്കുകൾ ഇങ്ങനെയാണ്‌.

മഹാരാഷ്ട്രയില്‍ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് രാഷ്ട്രീയ വൃത്തങ്ങളെയും നിരീക്ഷകരെയും ഞെട്ടിച്ച് മഹാരാഷ്‌ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചത്‌. ശിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറെ മുഖ്യമന്ത്രിയാക്കാൻ ധാരണയായെന്ന് ശരദ് പവാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒറ്റ രാത്രി കൊണ്ട് എൻസിപിയെ മറുകണ്ടം ചാടിച്ചാണ് ദേവേന്ദ്ര ഫഡ്‌നാവീസ്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. എൻസിപിയുടെ അജിത് പവാറാണ്‌ ഉപമുഖ്യമന്ത്രി. ഇതോടെ മഹാരാഷ്ട്രയിലെ രാഷ്‌ട്രപതി ഭരണം പിൻവലിച്ചു.

Leave a Reply

Your email address will not be published. Required fields are marked *