‘അവർക്ക് പിന്തുണ നൽകുന്നവരിൽ ഒരാളായി ഒപ്പുവച്ചിട്ടില്ല’

ത്രികക്ഷി സർക്കാരിന്‌ സിപിഐ എം പിന്തുണയില്ലെന്ന്‌ വിനോദ്‌ നിക്കോളെ എംഎൽഎ

മുംബൈ:
മഹാരാഷ്ട്രയിൽ ത്രികക്ഷിമുന്നണി സർക്കാരിന്‌ സിപിഐ എം പിന്തുണ നൽകിയിട്ടില്ലെന്ന്‌ പാർടി എംഎൽഎ വിനോദ്‌ നിക്കോളെ. ശിവസേന–- കോൺഗ്രസ്–- എൻസിപി സഖ്യം വിളിച്ചുചേർത്ത ഒരു യോഗത്തിലും സിപിഐ എം പങ്കെടുത്തിട്ടില്ല. അവർക്ക് പിന്തുണ നൽകുന്ന എംഎൽഎമാരിൽ ഒരാളായി ഗവർണർക്ക്‌ നൽകിയ കത്തിൽ ഒപ്പുവച്ചിട്ടില്ല–- വിനോദ്‌ നിക്കോളെ പറഞ്ഞു.

ബിജെപിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക എന്നത് പ്രധാനപ്പെട്ട വിഷയമായതിനാലാണ്‌ പുതുതായി രൂപീകരിക്കുന്ന മന്ത്രിസഭയെ സിപിഐഎം എതിർക്കാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനർഥം തത്വാധിഷ്ടിത പിന്തുണയെന്നോ പൂർണ പിന്തുണയെന്നോ അല്ല. വിഷയാധിഷ്‌ഠിതമാണ്‌ നടപടി. ബിജെപിയോടും ശിവസേനയോടുമുള്ള സിപിഐഎമ്മിന്റെ കാഴ്ചപ്പാട് ഈ നിലപാടിലൂടെ മാറുന്നില്ലെന്നും വിനോദ്‌ നിക്കോളെ പറഞ്ഞു.

പാൽഘർ ജില്ലയിലെ ദഹാനു മണ്ഡലത്തിൽ നിന്നാണ് സിപിഐഎമ്മിന്റെ ഏക എംഎൽഎയായ വിനോദ് നിക്കോളെ വിജയിച്ചത്. ബിജെപിയുടെ എംഎൽഎയായ പാസ്കൽ ധനാരയെ 4742 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിനോദ് നിക്കോളെ ചെങ്കൊടി പാറിച്ചത്. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിനായുള്ള നാടകങ്ങളിൽ ആർക്കും സമീപിക്കാൻ പോലും കഴിയാത്തത്രയും രാഷ്ട്രീയ നിശ്ചയദാർഢ്യമുള്ള നേതാവാണ് നിക്കോളെ. വടാപാവ് വില്പനക്കാരനായ നിക്കോളെയുടെ ആകെ സമ്പാദ്യം 52082 രൂപയാണ്. സ്ഥാനാർഥികളിൽ ഏറ്റവും ദരിദ്രനും നിക്കോളെയായിരുന്നു.
സിപിഐ എം താനെ ജില്ലാ സെക്രട്ടറി, സിഐടിയു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിൽ ശിവസേന-എൻസിപി-കോൺഗ്രസ് സർക്കാരിന് സിപിഐഎം പിന്തുണ പ്രഖ്യാപിച്ചെന്നത് വ്യാജ വർത്തയെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. പിന്തുണ അറിയിച്ച് സിപിഐഎം കത്ത് നൽകിയിട്ടില്ല. എന്നാൽ സർക്കാരിനെ എതിർത്ത് വോട്ട് ചെയ്യില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഡോ. എസ് കെ റെഗെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *