സെൻസസ് മാത്രം, എൻ ആർ സി ഇല്ല, തടങ്കൽപാളയവുമില്ല

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നിർദേശിച്ച ദേശീയ പൗരത്വ രജിസ്റ്റർ തയ്യാറാക്കലും അതിനുവേണ്ടി ദേശീയ ജനസംഖ്യ രജിസ്റ്റർ തയ്യാറാക്കലും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിളിച്ചുചേർത്ത നിയമസഭാസമ്മേളനത്തിൽ പ്രമേയം അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ നിയമങ്ങളിൽ കേരളത്തിൽ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. സാധാരണപോലെ നടത്തുന്ന സെന്‍സസ് പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും സഹകരിക്കും. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച രീതിയിലുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കലും അതിനുതകുന്ന വിവരങ്ങള്‍ ശേഖരിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള ദേശീയ ജനസംഖ്യാ രജിസ്റ്ററും തയ്യാറാക്കുന്നത് നിര്‍ത്തിവെക്കും.
പൗരത്വത്തില്‍ നിന്ന് പുറത്താക്കപ്പെടുന്നവരെ പാര്‍പ്പിക്കാനുള്ള ഡിറ്റെന്‍ഷന്‍ സെന്ററുകളെപ്പറ്റി ആശങ്കയുയർന്നിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ഡിറ്റെന്‍ഷന്‍ സെന്ററും കേരളത്തില്‍ ഉണ്ടാകില്ല. അതിനായുള്ള യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടാണ് അവതരിപ്പിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ വി.ഡി സതീശനും പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇതേ വിഷയത്തിലായതിനാൽ അനുമതി നിഷേധിച്ചു. ബിജെപി എംഎൽഎ ഓ രാജഗോപാൽ ഒഴികെയുള്ള എല്ലാ ഭരണ-പ്രതിപക്ഷ എംഎൽഎമാറും പ്രമേയത്തെ അനുകൂലിക്കാനാണ് സാധ്യത. പ്രമേയത്തിന്മേൽ ചർച്ച തുടരുകയാണ്.
ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും പ്രമേയം പാസാക്കി. പാര്‍ലമെന്റ് പാസാക്കിയ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഓ രാജഗോപാൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *