മന്ത്രിമാർക്ക് പി എ യുടെ ആവശ്യം എന്ത്?പി.എ പോസ്റ്റ് ധൂർത്ത് ആണോ? വാസ്തവം ഇതാണ്

സുരേഷ് നീറാട്

മന്ത്രിമാരുടെ പഴ്‌സണല്‍ അസിസ്റ്റന്റ് (പി.എ) തസ്തികയും നിയമനവും സംബന്ധിച്ച് ചര്‍ച്ചകള്‍ പലപ്പോഴും ഉയര്‍ന്നുവരാറുണ്ട്. മന്ത്രിമാരും സ്പീക്കര്‍, പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ മറ്റ് ചില പദവികളിലുള്ളവരും സഹായത്തിനായി പാര്‍ട്ടിക്കാരെയും ഇഷ്ടക്കാരെയും നിയമിക്കുകയും രണ്ട് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ പെന്‍ഷന്‍ ഉറപ്പാക്കുകയും ചെയ്യുന്നുവെന്നതാണ് വിമര്‍ശനത്തിന്റെ അടിസ്ഥാനം.

ഉന്നത പദവികളില്‍ ഇരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരുടെ സഹായം മാത്രം മതിയെന്നും മറ്റുള്ളത് അനാവശ്യമാണെന്നുമാണ് വാദം.

സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത പഴ്‌സണല്‍ അസിസ്റ്റന്റുമാര്‍ കൂടെയില്ലാത്ത എത്ര കേന്ദ്രമന്ത്രിമാരും രാജ്യത്താകെ എത്ര മന്ത്രിമാരും ഉണ്ടെന്ന ചോദ്യത്തിന് സീറോ എന്ന ഉത്തരമാണെന്ന് ഉറപ്പുള്ളതുകൊണ്ട് ആ ചോദ്യം ഉന്നയിക്കുന്നില്ല. പകരം ഈ കാര്യം പറയാം.
ഒരേ സമയം ചെറുതും വലുതുമായി ഒന്നിലേറെ വകുപ്പുകളുടെ ചുമതലയുള്ളവരാണ് മിക്ക മന്ത്രിമാരും.

സമയത്തിന് സാധാരണക്കാരുടെ ജീവനോളം വിലയുള്ളവര്‍. മിക്കപ്പോഴും അതിവേഗം തീരുമാനങ്ങളും നടപടികളും സ്വീകരിക്കേണ്ട സന്ദര്‍ഭങ്ങള്‍ നേരിടുന്നവര്‍. ഒരേ സമയം അനേകം കാര്യങ്ങളില്‍ ഇടപെടുകയും കൂടിയാലോചനകളും പരിഹാരങ്ങളും നിയമങ്ങളും നടപടികളും പ്രശ്‌നങ്ങളും തുടങ്ങി അനേകം കാര്യങ്ങളില്‍ വ്യാപൃതരാവുന്നവര്‍. ഇവരെ സഹായിക്കാന്‍ കൂടെ ഇഷ്ടക്കാരോ വിശ്വസിക്കാന്‍ കൊള്ളാവുന്നവരോ വേണം.


ഒരു ഉദാഹരണം പറയാം. ഒരു പരാതി കടലാസായി എത്തിയാല്‍, അതില്‍ നടപടി സ്വീകരിക്കാന്‍ കുറിപ്പെഴുതി സെക്രട്ടറിക്ക് നല്‍കുന്നതോടെ തീരുന്നതല്ല മന്ത്രിയാപ്പീസിലെ പണി. മന്ത്രിയുടെ ഓഫീസില്‍നിന്ന് ഫയല്‍ ഇറങ്ങി ബന്ധപ്പെട്ട വകുപ്പുകളില്‍ കയറിയിറങ്ങി പരിഹാരത്തിനുള്ള നടപടിക്രമങ്ങള്‍ പരാതിക്കാരന്റെ മുന്നിലെത്തണമെങ്കില്‍ എത്ര ദിവസമെടുക്കുമെന്ന് സര്‍ക്കാര്‍ ഓഫീസുകളുമായി ബന്ധമുള്ളവര്‍ക്കറിയാം.

അതിനുപകരം ഓരോ ഫയലുകളിലും കൃത്യമായ ഫോളോ അപ്പ് നടത്തി യഥാസമയം ഇടപെട്ട് നടപടി എടുപ്പിക്കാന്‍ മന്ത്രിമാരെ സഹായിക്കുന്നത് ഇപ്പറഞ്ഞ പിഎ മാരാണ്. നൂറുകണക്കിന് ഫയലുകള്‍ക്ക് പിന്നാലെ നിത്യവും മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിലുള്ളവര്‍ ഓടിനടക്കുന്നത് സെക്രട്ടറിയറ്റില്‍ സ്ഥിരം കാഴ്ചയാണ്.

സര്‍ക്കാര്‍ ജീവനക്കാരുടെ നിശ്ചിത സമയത്തില്‍ ഒതുങ്ങി നില്‍ക്കുന്ന പ്രവര്‍ത്തന മണ്ഡലമല്ല മന്ത്രിമാര്‍ക്ക്. അത് 24×7 ആണ്. വിശ്രമമില്ലാത്ത ആ നേരങ്ങളില്‍ അവര്‍ക്കൊപ്പം നിന്ന് ഊണും ഉറക്കവും നഷ്ടപ്പെടുത്തി പണിയെടുക്കുന്നവരാണ് പിഎ മാര്‍. ഏതെങ്കിലും സ്ഥലത്ത് ഒരു സംഭവമുണ്ടായാല്‍ കൃത്യമായ വിവരം നിമിഷങ്ങള്‍ക്കകം എത്തിച്ചുകൊടുക്കാന്‍ ഈ പറഞ്ഞ സര്‍ക്കാര്‍ രീതി മതിയാവില്ല. എടുത്താല്‍ തീരാത്ത പണികളില്‍പ്പെട്ട് രാത്രി വൈകി ഓഫീസില്‍നിന്നിറങ്ങുന്ന പിഎമാര്‍ സെക്രട്ടറിയറ്റില്‍ ചെന്നാല്‍ കാണാം.


ഒരു പുതിയ പദ്ധതിക്ക് രൂപം നല്‍കുന്നതുകൊണ്ടോ പ്രഖ്യാപിക്കുന്നതുകൊണ്ടോ അത് പ്രാപല്യത്തിലാവില്ല. മന്ത്രിമാര്‍ അതിനായി നിരന്തരം കഠിനമായി പരിശ്രമിച്ചുകൊണ്ടേയിരിക്കും. അതിനൊപ്പം അല്ലെങ്കില്‍ അതിന് മുന്നെ സമാന്തരമായി പ്രവര്‍ത്തിക്കുന്നവരാണ് മന്ത്രിക്കൊപ്പമുള്ളവര്‍.

സര്‍ക്കാരിന്റെ പദ്ധതികള്‍ അല്ലെങ്കില്‍ മന്ത്രിയുടെ സേവനങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍ അതിന് പിന്നില്‍ കഠിനമായി പ്രവര്‍ത്തിച്ച ഓഫീസ് ചിത്രത്തിലുണ്ടാവില്ല.

സര്‍ക്കാരിന്, മന്ത്രിമാര്‍ക്ക് മുഖമുണ്ടാക്കുന്നതില്‍ കഠിനമായി അധ്വാനിക്കുന്നവരാണ് പഴ്‌സണല്‍ അസിസ്റ്റന്റുമാര്‍. രാജ്യത്ത് നടപ്പാക്കുന്ന ഏതു പദ്ധതിയിലും ബന്ധപ്പെട്ട മന്ത്രിയുടെ ഓഫീസ് നടത്തിയ കഠിനാധ്വാനത്തിന്റെ കാണാത്ത കാഴ്ചകളുണ്ടാവും. പദ്ധതിയുടെ ക്രെഡിറ്റ് സര്‍ക്കാരിനും സേവനം ജനങ്ങള്‍ക്കും കിട്ടും. അതില്‍ കാര്യമായ പങ്കുവഹിക്കുന്ന ഒരു വിഭാഗം ചിത്രത്തിലേ കാണില്ല. ഇത്തരക്കാര്‍ക്ക് കൊടുക്കുന്ന കേവലം 2000 രൂപ മുതലുള്ള പെന്‍ഷന്‍ അതിനുള്ള പ്രത്യുപകാരമായി കണ്ടാല്‍മതി. ഇവരില്ലെങ്കിലും ഇതെല്ലാം നടക്കില്ലേ എന്ന് ചോദിക്കുന്നവരോട് അവര്‍ ഭരിക്കുന്നിടത്ത് എന്താണ് നടക്കുന്നത് എന്ന് അന്വേഷിക്കണമെന്നാണ് ഉത്തരം.


വിദ്യാഭ്യാസ യോഗ്യത, പ്രായം ഇതൊക്കെയാണ് അടുത്ത വിമര്‍ശനം. ഫയല്‍ പഠിച്ചും, ഓഫീസ് സമയത്ത് പണിയെടുത്തും മാത്രം മെച്ചപ്പെടുത്താവുന്ന ഭരണസംവിധാനമല്ല രാജ്യത്തെവിടെയുമുള്ളത്. മന്ത്രിയെന്ന നിലയില്‍ ജനങ്ങള്‍ക്ക് ഏതുനേരത്തെ മന്ത്രിമാരുടെ ആവശ്യംവരും. ആ നേരങ്ങളില്‍ സജ്ജരായിക്കുന്നവരാണ് നിങ്ങള്‍ പരിഹസിക്കുന്ന പിഎ എന്ന വിഭാഗം. മന്ത്രിമാരുടെ വിശ്വസ്തരും ഇഷ്ടക്കാരുമാവുന്നത് ചുവപ്പുനാടകളുടെ എണ്ണം കുറയാന്‍ കൂടി വേണ്ടിയാണ്. ഒരു വകുപ്പില്‍ ദീര്‍ഘകാലത്തെ അനുഭവ സമ്പത്തുള്ളയാളെ ആരോഗ്യകരമായ പ്രശ്‌നമില്ലെങ്കില്‍ മന്ത്രി കൂടെക്കൂട്ടുന്നത് നാടിന് ഗുണകരംതന്നെയാണ്.

പരിഹാരത്തിനും നടപടികള്‍ക്കും വേഗംകൂട്ടാന്‍ ശമ്പളക്കണക്കുനോക്കാതെ സദാസമയവും സേനവ സന്നദ്ധരായി കൂടെ ആളുകള്‍ ഉണ്ടാവുന്നത് ഏതുമന്ത്രിക്കും ഏതു നേതാവിനും അതിലൂടെ നാടിനും സേവനം എളുപ്പത്തിലാക്കും. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ മാത്രമാണ് മിടുക്കരെന്ന് കരുതുന്നവരോട് മറുപടിയേ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *