വിഷയം മാറി പ്രതിഷേധം: ഇക്കുറിയും ഒ രാജഗോപാൽ ട്രോളൻമാരുടെ താരം

തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ഏക ബി.ജെ.പി എം.എൽ.എയായ ഒ.രാജഗോപാലിന് ഇക്കുറിയും അക്കിടിപറ്റി. പ്രസക്തമല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പേരിൽ ട്രോളന്മാർ നിരന്തരം ട്രോളുന്ന എംഎൽഎയുടെ പ്രതിഷേധമാണ് ഇക്കുറി സോഷ്യൽ മീഡിയയിൽ ആഘോഷമായത്. വിവിധ പ്രമേയങ്ങൾ അവതരിപ്പിക്കാനായി ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നടപടികൾ ആരംഭിച്ച് മുഖ്യമന്ത്രിയെ പ്രമേയം അവതരിപ്പിക്കാൻ ക്ഷണിച്ചയുടൻ ഒ രാജഗോപാൽ പ്രതിഷേധിക്കാൻ എണീറ്റു.
“പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള നിയമം, ആ നിയമത്തിനെതിരായിട്ട് കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോൾ ഈ വിഷയം ഇവിടെ ചര്‍ച്ച ചെയ്യുന്നത് നിയമവിരുദ്ധമാണ്. അതുകൊണ്ടിത് ഇവിടെ ചര്‍ച്ച ചെയ്യാൻ പാടില്ലെന്നതാണ് എന്റെ അഭിപ്രായം,” എന്ന് ഒ രാജഗോപാൽ പറഞ്ഞു. എന്നാൽ സ്പീക്കര്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചത് പട്ടിക ജാതി – പട്ടിക വർഗ സമുദായത്തിന്റെ സംവരണം പത്തുവർഷത്തേക്ക് നീട്ടാനുള്ള സ്റ്റാറ്റ്യൂറ്ററി പ്രമേയം അവതരിപ്പിക്കാനായിരുന്നു. തുടർന്ന് സ്പീക്കർ അദ്ദേഹത്തിന് പറ്റിയ അബദ്ധം ചൂണ്ടിക്കാണിക്കുകയും ഇരിക്കാൻ നിർദേശിക്കുകയും ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം അവതരിപ്പിക്കാനാണ് മുഖ്യമന്ത്രിയെ ക്ഷണിച്ചതെന്ന അബദ്ധ ധാരണയാണ് അമിളക്കിടയാക്കിയത്.
പ്രമേയം അവതരിപ്പിച്ച ശേഷം ബിജെപി അംഗം തെറ്റിദ്ധരിച്ചതാവാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. ഈ പ്രമേയത്തെ അദ്ദേഹവും അനുകൂലിക്കുമെന്നാണ് കരുതുന്നതെന്നും സഭ ഇത് ഐകകണ്ഠേന പാസാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഈ വിഷയത്തോട് ഒ രാജഗോപാൽ എംഎൽഎയ്ക്ക് എതിര്‍പ്പില്ലായിരുന്നു. എന്നാൽ പതിവുപോലെ സോഷ്യൽ മീഡിയ അദ്ദേഹത്തിന്റെ അബദ്ധം ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *