പ്രേക്ഷകനെ അറിയുന്ന സച്ചി; വിയോജിപ്പുള്ളവരും കയ്യടിക്കും

നെല്‍വിന്‍ ഗോക്

സച്ചിയുടെ സിനിമകളോട് വിയോജിക്കുന്നവരുണ്ട്. എന്നാല്‍, വിയോജിക്കുന്നവരെ പോലും രസിപ്പിക്കുന്ന എന്തെങ്കിലും ഒരു ത്രെഡ് എപ്പോഴും സച്ചിയുടെ സിനിമകളിലുണ്ടായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പ്രേക്ഷകന്റെ പള്‍സ് അറിയുന്ന എഴുത്തുകാരനും സംവിധായകനുമായിരുന്നു സച്ചി. ഓരോ സിനിമകള്‍ കഴിയുംതോറും പ്രേക്ഷകനെ രസിപ്പിക്കാനുള്ള രുചിക്കൂട്ടുകളെ കൂടുതല്‍ നന്നായി ഉപയോഗപ്പെടുത്തുന്ന സച്ചിയെയാണ് കാണാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ അയാളുടെ മികച്ച സിനിമകള്‍ ഇനി വരാനിരിക്കുന്നവയായിരുന്നു. വാണിജ്യപരമായി മലയാള സിനിമയ്ക്ക് നിരവധി സംഭാവനകള്‍ നല്‍കാനുള്ള വൈഭവം സച്ചിയിലുണ്ടായിരുന്നു.

സച്ചി മാറിയിട്ടില്ല, സിനിമയില്‍ വന്നപ്പോള്‍ എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും എന്ന വാദം പാടേ തെറ്റാണ്. ‘ചോക്ലേറ്റി’ല്‍ നിന്ന് ‘അയ്യപ്പനും കോശി’യിലേക്കുമുള്ള ദൂരം സച്ചി രാകിമിനുക്കിയ അയാളിലെ കാഴ്ചപ്പാടുകളുടെ ദൂരം കൂടിയാണ്. ‘ഞാനൊന്ന് അറിഞ്ഞു വിളയാടിയാല്‍ നീയൊക്കെ പത്ത് മാസം കഴിഞ്ഞേ പിന്നെ ഫ്രീ ആകൂ’ എന്നു ഒരു സ്ത്രീകഥാപാത്രത്തെ നോക്കി ചോക്ലേറ്റിലെ ശ്യാം (പൃഥ്വിരാജ്) പറയുന്നുണ്ട്. ‘ചോക്ലേറ്റ്’ ഒരു സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു. ക്യാംപസുകളില്‍ തരംഗമായിരുന്നു. നായികയെ പച്ചമാങ്ങ തീറ്റിപ്പിക്കുമെന്ന് നായകന്‍ പറഞ്ഞപ്പോള്‍ തിയറ്ററുകളില്‍ കയ്യടിയുടെ ബഹളമായിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് വളരെ നിശിതമായി വിമര്‍ശിക്കപ്പെട്ട പല ഡയലോഗുകളും രംഗങ്ങളും ആ സിനിമയിലുണ്ട്.

അങ്ങനെയൊരു സിനിമയ്ക്ക് തൂലിക ചലിപ്പിച്ച അതേ സച്ചി 13 വര്‍ഷങ്ങള്‍ക്കിപ്പുറം ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലേക്ക് എത്തിയപ്പോള്‍ ‘കണ്ണമ്മ’യെ പോലൊരു കരുത്തുറ്റ സ്ത്രീകഥാപാത്രത്തിനു ജന്മം നല്‍കി. ‘നിന്നെ ഞാന്‍ പച്ചമാങ്ങ തീറ്റിക്കു’മെന്ന് പറഞ്ഞ് തിയറ്ററില്‍ കയ്യടിവാങ്ങിയ അതേ പൃഥ്വിരാജ് 13 വര്‍ഷങ്ങള്‍ക്കിപ്പുറം കോശി കുര്യനായപ്പോള്‍ തിയറ്ററില്‍ കയ്യടിവാങ്ങിയത് കണ്ണമ്മയാണ്. കോശി കുര്യനെ നടുറോഡില്‍ നിര്‍ത്തി ഉത്തരംമുട്ടിക്കുന്ന കണ്ണമ്മയുണ്ട്. ചോക്ലേറ്റിലെ അശ്ലീലരംഗത്തേക്കാള്‍ തിയറ്ററുകളില്‍ കണ്ണമ്മയ്ക്കുവേണ്ടി കയ്യടിയുയര്‍ന്നു. സിനിമയില്‍ പൊളിറ്റിക്കല്‍ കറക്നസിനു ഒരു സ്ഥാനമുണ്ടെന്ന് സച്ചി മനസിലാക്കിയിട്ടുണ്ട്. സച്ചി തന്നെ തന്നെ തിരുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അപ്പോഴും അകാരണമായി ഭാര്യയുടെ മുഖത്തടിച്ച് നെടുനീളന്‍ ഡയലോഗ് പറഞ്ഞ കോശി കുര്യനോട് വിയോജിക്കുക തന്നെ വേണം.

ayyappanum koshiyum

വളരെ ചെറിയൊരു എലമെന്റില്‍ നിന്ന് പ്രേക്ഷകനെ രസിപ്പിക്കാന്‍ പാകത്തിനു രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയ്ക്ക് ജന്മം നല്‍കുന്നതിലാണ് സച്ചിയെന്ന ചലച്ചിത്രകാരന്റെ ബ്രില്ല്യന്‍സ്. അതിനു ഏറ്റവും വലിയ ഉദാഹരണങ്ങളാണ് “ഡ്രൈവിങ് ലൈസന്‍സും അയ്യപ്പനും കോശിയും”.

രണ്ട് പേര്‍ക്കിടയിലെ ഈഗോ ക്ലാഷുകള്‍ മാത്രമാണ് രണ്ട്, രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ രസിപ്പിച്ചത്. ദ്വന്ദയുദ്ധങ്ങളിലൂടെ കഥ പറയാനുള്ള സച്ചിയുടെ ശൈലി അതിഗംഭീരമാണ്. രണ്ട് പേര്‍ക്കിടയിലെ ഈഗോ ക്ലാഷുകള്‍ക്കിടയില്‍ പ്രേക്ഷകനെയും കൊണ്ടുപോയി ഇടുന്നു. ഈ രണ്ടുപേരില്‍ ആര്‍ക്കൊപ്പം നില്‍ക്കണം, ആരെ പിന്തുണയ്ക്കണം എന്നറിയാതെ പ്രേക്ഷകന്‍ കണ്‍ഫ്യൂസ്ഡ് ആകുന്നു. നായകനാര്, വില്ലനാര് എന്ന് പ്രേക്ഷകന്‍ സ്വയം ചോദിക്കുന്ന ഒരു സ്റ്റേജിലേക്ക് എത്തിക്കുന്നു. അവിടെ സച്ചിയെന്ന എഴുത്തുകാരനും സംവിധായകനും വിജയിക്കുന്നു. മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ടത് ഇങ്ങനെയൊരു അപൂര്‍വത അവകാശപ്പെടാവുന്ന കലാകാരനെയാണ്.

RUNBABYRUN

ആദ്യ സ്വതന്ത്ര രചനയായ ‘റണ്‍ ബേബി റണ്‍’ ആണ് സച്ചിയുടെ സിനിമാ ജീവിതത്തിലെ ടേണിങ് പോയിന്റ്. സേതുവിനൊപ്പം ചെയ്ത സിനിമകളുടെ ശൈലിയില്‍ നിന്ന് സച്ചി വേറിട്ടവഴിയിലേക്ക് കടന്നത് ‘റണ്‍ ബേബി റണ്ണി’ലൂടെയാണ്. ഒരു ശരാശരി എലമെന്റുകൊണ്ട് ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകനെ പിടിച്ചിരിത്താനും ഉദ്വേഗം കൊള്ളിക്കാനും കെല്‍പ്പുള്ള തിരക്കഥയായിരുന്നു സച്ചിയുടേത്. തിയറ്ററുകളില്‍ വന്‍വിജയമായിരുന്നു ‘റണ്‍ ബേബി റണ്‍’. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സച്ചിയെകൊണ്ട് ‘അനാര്‍ക്കലി’ പോലൊരു സിനിമ സംവിധാനം ചെയ്യിപ്പിക്കുന്നത്. സിനിമാറ്റിക് ഭാഷ കൊണ്ട് വളരെ റിച്ചായുള്ള പ്രൊഡക്ടായിരുന്നു ‘അനാര്‍ക്കലി’. അനാര്‍ക്കലിയിലെ ഗാനങ്ങളിലും ഛായാഗ്രഹണത്തിലും സച്ചിയുടെ സിനിമാറ്റിക് ഭാഷ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടം. അതിഗംഭീരമെന്ന് അഭിപ്രായപ്പെടാവുന്ന ഒരു കഥയോ തിരക്കഥയോ ഇല്ലാഞ്ഞിട്ടും സിനിമാറ്റിക്കലി ‘അനാര്‍ക്കലി’ എന്ന ചിത്രം സച്ചിയിലെ കലാകാരനെ എസ്റ്റാബ്ലിഷ് ചെയ്തിട്ടുണ്ട്. പിന്നീട് സംവിധാനം ചെയ്ത ‘അയ്യപ്പനും കോശിയും’ അത് അരക്കിട്ടുറപ്പിച്ചു.

ANARKALI

വളരെ ചെറിയൊരു കഥാതന്തുവില്‍ നിന്ന് സിനിമ ചെയ്യാനും അഞ്ച് മിനിറ്റുകൊണ്ട് പറഞ്ഞാല്‍ തീരുന്ന കഥയെ രണ്ട്, രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയാക്കാനും, തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകനെ മുഷിപ്പിക്കാതെയിരിക്കാനും അസാമാന്യ വൈഭവം വേണം, ധൈര്യം വേണം. അത് അവകാശപ്പെടാവുന്ന അപൂര്‍വം സിനിമാക്കാരില്‍ ഒരാളെയാണ് 48-ാം വയസ്സില്‍ മലയാള സിനിമയ്ക്ക് നഷ്ടമായത്.

പൃഥ്വിരാജും ബിജു മേനോനും സച്ചിയോട് വലിയ രീതിയില്‍ കടപ്പെട്ടിട്ടുണ്ട്. പൃഥ്വിരാജിനെ ഇത്രയും ജനകീയമാക്കുന്നതില്‍ സച്ചി സിനിമകള്‍ നിര്‍ണായ പങ്കുവഹിച്ചിട്ടുണ്ട്. അനാര്‍ക്കലിയും അയ്യപ്പനും കോശിയും കൃത്യമായ ഇടവേളകളില്‍ ബിജു മേനോന് ആവശ്യമായിരുന്ന കഥാപാത്രങ്ങളായിരുന്നു. കേന്ദ്ര കഥാപാത്രത്തേക്കാള്‍ പ്രേക്ഷകനു പ്രിയം തോന്നിയ കഥാപാത്രങ്ങള്‍.

സച്ചിയുടെ സിനിമകളില്‍ പ്രിയപ്പെട്ടവ: അയ്യപ്പനും കോശിയും, അനാര്‍ക്കലി, റണ്‍ ബേബി റണ്‍, ഡ്രൈവിങ് ലൈസന്‍സ്

വിട,

Leave a Reply

Your email address will not be published. Required fields are marked *