ചെങ്ങളായി പഞ്ചായത്തിൽ കോൺഗ്രസിൽ കൂട്ട തല്ല്; കൂടുതൽ സീറ്റുകൾ ലക്ഷ്യമിട്ട് ഇടതുപക്ഷം

കണ്ണൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പത്രികാ സമർപ്പണം കൂടി പൂർത്തിയായതോടെ ചെങ്ങളായി പഞ്ചായത്തിലെ കോൺഗ്രസ്സ് ഗ്രൂപ്പ് വഴക്ക് പാർട്ടിക്ക് വലിയ തലവേദനയാവുന്നു. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കൊയ്യം ജനാർദനനും ചെങ്ങളായി പഞ്ചായത്തിലെ പ്രാദേശിക കോൺഗ്രസ്സ് നേതാവ് പി ദിനേശനും ആണ് ചേരി തിരിഞ്ഞ് തമ്മിൽ തല്ലുന്നത്. സിപിഎമ്മിന് മേൽക്കയ്യുള്ള പഞ്ചായത്തിൽ കോൺഗ്രസ്സിന് തുച്ഛമായ സീറ്റുകളിലാണ് കോൺഗ്രസ്സ് ജയിക്കാറുള്ളത്. ഈ സീറ്റുകളുടെ പേരിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ ഇരു ഗ്രൂപ്പുകളും പരസ്പരം കൊമ്പു കോർക്കുന്നത്. പ്രശ്നപരിഹാരത്തിനായി ചില ഡിസിസി നേതാക്കൾ ശ്രമിച്ചിരുന്നുവെങ്കിലും ഇപ്പോൾ ജില്ലാ കോൺഗ്രസ്സ് നേതൃത്വം പൂർണമായും പിൻവാങ്ങിയ നിലയിലാണ്. ഇതോടെ കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റുകളിൽ കൂടി വിജയമുറപ്പിക്കാം എന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. ഗ്രൂപ്പ് വഴക്കിൽ മനം മടുത്ത കോൺഗ്രസ്സിലെ പുതുതലമുറയുടെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഇരുവിഭാഗങ്ങളും തമ്മിലുള്ള വിയോജിപ്പ് പരസ്യപ്പോരിലേക്ക് നീങ്ങിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ തദ്ദേശ സ്ഥാപനങ്ങളോട് കാണിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെ.പി.സി.സി ആഹ്വാനം ചെയ്ത സമരം ഇരു വിഭാഗങ്ങളും ചേരി തിരിഞ്ഞാണ് നടത്തിയത്. ചെങ്ങളായി പഞ്ചായത്ത് ഓഫിസിന്റെ മുന്നിൽ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കൊയ്യം ജനാർദനൻ തന്നെ ആണ് സ്വന്തം ഗ്രൂപ്പിന്റെ സമരം ഉത്‌ഘാടനം ചെയ്തത്. അതെ സമയം പി ദിനേശന്റെ നേതൃത്വത്തിൽ സമാന്തരമായി നടത്തിയ സമരം ഉത്‌ഘാടനം ചെയ്തത് ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി. വിജയൻ ആയിരുന്നു. തുടർന്ന് ഇരു വിഭാഗവും പരസ്പരം കുറ്റപ്പെടുത്തി സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.

തങ്ങളുടെ സിറ്റിംഗ് സീറ്റുകൾ മുഴുവൻ കൊയ്യം ജനാർദനൻ വിഭാഗം പിടിച്ചെടുത്തു എന്ന പരാതിയാണ് പി ദിനേശൻ വിഭാഗം ഇപ്പോൾ ഉയർത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പി ദിനേശന് എതിരെ ഉയർന്ന പല പരാതികൾക്ക് പിന്നിലും എതിർവിഭാഗമാണെന്നും ആക്ഷേപം ഉന്നയിക്കുന്നു. കോൺഗ്രസ്സിന്റെ ഉറച്ച സീറ്റുകളിൽ നേതാക്കളുടെ ബന്ധുക്കളെ നിർത്തുന്നതിനു പകരം പുതുമുഖങ്ങൾക്ക് അവസരം നൽകുകയാണ് ഉണ്ടായത് എന്ന മറുവാദമാണ് കൊയ്യം ജനാർദനൻ വിഭാഗം ഉയർത്തുന്നത്. ഇരുകൂട്ടരുടെയും ആരോപണ പ്രത്യാരോപണങ്ങളും കാലുവാരലും തെരഞ്ഞെടുപ്പ് പരാജയത്തിലേക്കാണ് എത്തിക്കുക എന്ന പരാതിയും പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നു കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *