ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

റാഞ്ചി: മുൻ ഇന്ത്യൻ നായകനും വിക്കറ്റ് കീപ്പറുമായ എം.എസ് (മഹേന്ദ്ര സിങ്ങ്) ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു . ഇന്ത്യൻ ടീമിനായി ഐ.സി.സിയുടെ മൂന്ന് കിരീടങ്ങളും നേടിയ ഏക ക്യാപ്റ്റനാണ് ധോണി.2019 ൽ നടന്ന ഏകദിന ലോകകപ്പിലാണ് മഹി അവസാനമായി കളിച്ചത്. ആരാധകരുടെ പ്രിയ മഹിയുടെ മടങ്ങി വരവ് ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലാണ് അപ്രതീക്ഷിത മായി വിരമിക്കൽ പ്രഖ്യാപിച്ചത്. ഇന്ത്യക്കായി 20ll ലെ എകദിന ലോകകപ്പും 2007 ലെ ആദ്യ ട്വൻ്റി 20 ലോകകപ്പും സമ്മാനിച്ച നായകനാണ് എം.എസ്.ഡി.2013 ലെ ചാമ്പ്യൻസ് ട്രോഫിയും സമ്മാനിച്ചത് ഇദ്ദേഹമാണ്.
ഇൻസ്റ്റാഗ്രാമിലൂടെയാണ് ധോനി വിരമിക്കൽ പ്രഖ്യാപിച്ചത്.

https://www.instagram.com/tv/CD6ZQn1lGBi/?utm_source=ig_embed&ig_mid=2105779A-D127-413F-A53C-BC356DB64309

2004 ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ധോനി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനായാണ് അറിയപ്പെടുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ തലമുറ മാറ്റം നടക്കുന്ന സമയത്ത് ടീമിന്റെ അമരത്തെത്തിയ ധോനി ഇന്ത്യൻ ക്രിക്കറ്റിനെ വിജയകരമായാണ് മുന്നോട്ടു നയിച്ചത്.

രാജ്യാന്തര കരിയറിൽ ഇതുവരെ 90 ടെസ്റ്റുകളിലും 348 ഏകദിനങ്ങളിലും 98 ടി20 മത്സങ്ങളിലും ധോനി ഇന്ത്യയ്ക്കായി കളത്തിലിറങ്ങി. ടെസ്റ്റിൽ നിന്ന് 2014ൽ തന്നെ താരം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഓസ്ട്രേലിയ്ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുമ്പോൾ അപ്രതീക്ഷിതമായിട്ടായിരുന്നു ടെസ്റ്റിൽ നിന്നുള്ള വിരമിക്കൽ. 90 ടെസ്റ്റുകളിൽ നിന്ന് 38.09 ശരാശരിയിൽ 4876 റൺസ് നേടി. ഇതിൽ ആറ് സെഞ്ച്വറികളും 33 അർധ സെഞ്ച്വറിയും ഉൾപ്പെടുന്നു. ടെസ്റ്റിൽ 256 ക്യാച്ചുകളും 38 സ്റ്റംപിങ്ങുകളുമുണ്ട്.

350 ഏകദിനങ്ങളിൽ നിന്ന് 50.57 റൺ ശരാശരിയിൽ 10,773 റൺസാണ് ധോനിയുടെ സമ്പാദ്യം. 10 സെ‍ഞ്ച്വറികളും 73 അർധ സെഞ്ച്വറികളും ഇതിലുൾപ്പെടുന്നു. കരിയറിന്റെ തുടക്ക കാലത്ത് പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 183 റൺസാണ് ഉയർന്ന സ്കോർ.

ഇന്ത്യ കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറായ ധോനിയുടെ പേരിൽ ഏകദിനത്തിൽ മാത്രം 321 ക്യാച്ചുകളും 123 സ്റ്റംപിങ്ങുകളുമുണ്ട്. ഇതിനിടെ രണ്ട് ഏകദിനങ്ങളിൽ ബൗൾ ചെയ്ത ധോനി ഒരു വിക്കറ്റും നേടി. ഏകദിനത്തിലെ ബെസ്റ്റ് ഫിനിഷർ ആയി അറിയപ്പെടുന്ന താരം കൂടിയാണ് ധോണി.

98 ടി20 മത്സരങ്ങളിൽ നിന്ന് 37.60 റൺ ശരാശരിയിൽ 1617 റൺസും ധോനി നേടി. ഇതിൽ രണ്ട് അർധ സെഞ്ച്വറികളുമുണ്ട്. ടി20യിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങും ധോനിയുടെ പേരിലുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനായി ധോനിയെ കളത്തില്‍ വീണ്ടും കാണാം.

Leave a Reply

Your email address will not be published. Required fields are marked *