ഉദ്ധവ്‌ മുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഞായറാഴ്ച

ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന സഖ്യം ഉദ്ധവിനെ നേതാവായി തെരഞ്ഞെടുത്തു

മുംബൈ:
മഹാരാഷ്‌ട്രയിൽ നാടകീയ വഴിത്തിരിവുകൾക്കൊടുവിൽ ശിവസേന നേതാവ്‌ ഉദ്ധവ്‌ താക്കറെ മുഖ്യമന്ത്രിപദത്തിലേക്ക്‌. ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്ന സഖ്യം ഉദ്ധവിനെ നേതാവായി തെരഞ്ഞെടുത്തു. ഡിസംബർ ഒന്നിന്‌ മുംബൈ ശിവാജി പാർക്കിൽ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുമെന്നു എൻസിപി അധ്യക്ഷൻ ശരദ് പവാർ അറിയിച്ചു. സഖ്യ നേതാക്കൾ ചൊവ്വാഴ്ച രാത്രി ഗവർണർ ഭഗത് സിങ് കോഷിയാരിയെ കാണും.

വിശ്വാസവോട്ടിന്‌ കാത്തുനിൽക്കാതെ ബിജെപി നേതാവ്‌ ദേവേന്ദ്ര ഫഡ്‌നവിസും ഉപമുഖ്യമന്ത്രി അജിത്‌ പവാറും രാജിവച്ചതോടെയാണ്‌ ത്രികക്ഷിസഖ്യം വീണ്ടും അധികാരത്തിലേക്ക്‌ നീങ്ങുന്നത്‌. ബുനാഴ്‌ച വൈകിട്ട് അഞ്ചുമണിക്കുള്ളിൽ വിശ്വാസവോട്ട് നേടണമെന്ന സുപ്രീകോടതി വിധിയോടെയാണ്‌ ബിജെപി സർക്കാർ വീണത്‌.

ബിജെപിക്കൊപ്പം പോയ എൻസിപി നേതാവ് അജിത് പവാറാണ്‌ ആദ്യം രാജി പ്രഖ്യാപിച്ചത്‌. ഇതിനു പിന്നാലെ ഗവർണറെ കണ്ട ഫഡ്‌നവിസ്‌ വാർത്തസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചു. വിശ്വാസവോട്ട് നേടാൻ വേണ്ട ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് രാജി.

എൻസിപിയുടെയും കോൺഗ്രസിന്റെയും പിന്തുണയോടെ ശിവസേന നേതാവ്‌ ഉദ്ദവ്‌ താക്കറെ മുഖ്യമന്ത്രിയാകാൻ ധാരണയായിരുന്നു. ഒറ്റ രാത്രികൊണ്ട്‌ ശരദ്‌ പവാറിന്റെ മകനായ അജിത്‌ പവാറിനെ സ്വന്തം പാളയത്തിൽ എത്തിച്ചാണ്‌ ഫഡ്‌നാവിസ്‌ സത്യപ്രതിജ്ഞചെയ്‌തത്‌. ഇതിനായി പുലർച്ചെ രാഷ്‌ട്രപതിഭരണം പിൻവലിക്കുകയും എട്ടുമണിയോടെ സത്യപ്രതിജ്ഞചെയ്യുകയുമായിരുന്നു. എന്നാൽ, അജിത് പവാറിനൊപ്പം ഉണ്ടായിരുന്ന 11 എംഎൽഎമാരിൽ പത്തുപേരും ശരദ് പവാറിനൊപ്പം തിരിച്ചെത്തിയ സാഹചര്യത്തിലാണ്‌ രാജി.

കൂടുതൽപേരെ തങ്ങക്കൊപ്പം എത്തിക്കാൻ വേണ്ട സാവകാശം സുപ്രീംകോതിവിധിയോടെ ബിജെപിക്ക്‌ നഷ്ടമായി. ഉടൻ വിശ്വാസവോട്ട്‌ തേടണമെന്ന ത്രികക്ഷി സഖ്യത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. എൻസിപി–-ശിവസേന–-കോൺഗ്രസ് സഖ്യം കഴിഞ്ഞ ദിവസം162 പേരുടെ യോഗം വിളിച്ചുചേർത്ത് ശക്തി തെളിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *