മഹാരാഷ്‌ട്ര: സുപ്രീംകോടതി ഉത്തരവ് അൽപ്പ സമയത്തിനകം

ന്യൂഡൽഹി:
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റതിനെ ചോദ്യംചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. വാദം ഇന്നലെ പൂർത്തിയായി. വിശ്വാസവോട്ടെടുപ്പിന്റെ കാര്യത്തിലാണ് ഇന്ന് 10:30ന്‌ വിധി പറയുക. ശിവസേന, എൻസിപി, കോൺ​ഗ്രസ് കക്ഷികളാണ്‌ ഹർജി സമർപ്പിച്ചത്‌.

വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സമയംവേണമെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും ബിജെപിക്കും ദേവേന്ദ്ര ഫഡ്‌നാവിസിനും വേണ്ടി ഹാജരായ തുഷാര്‍ മേത്തയും മുഗുള്‍ റോഹ്ത്തഗിയും ആവശ്യപ്പെട്ടു. സ്പീക്കറെ തെരഞ്ഞെടുക്കുന്നത് വരെ വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കാന്‍ അനുവദിക്കരുതെന്ന്‌ മനു അഭിഷേക് സിങ്‌വി കോടതിയെ അറിയിച്ചു.

എന്നാൽ, ശിവസേനഎൻസിപി‐കോൺ​ഗ്രസ് സഖ്യത്തിന്‌ 154 പേരുടെ പിന്തുണയുണ്ടെന്നും രാഷ്ട്രപതി ഭരണം പിന്‍വലിച്ചതില്‍ ദുരൂഹതയുണ്ടെന്നും വിശ്വാസവോട്ടെടുപ്പ് വേഗം നടത്തണമെന്നും കപില്‍ സിബല്‍ ആവശ്യപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ വിശ്വാസവോട്ടെടുപ്പ്‌ നടത്തണമെന്നും പ്രോടൈം സ്‌പീക്കറെ കോടതി തീരുമാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അജിത്‌ പവാറിന്റെ പിന്തുണക്കത്ത്‌ കേന്ദ്രസർക്കാരിന്‌ വേണ്ടി ഹാജരായ തുഷാർ മേത്ത കോടതിയിൽ ഹാജരാക്കി. നിയമസഭാ കക്ഷി നേതാവായി തന്നെ തെരഞ്ഞെടുത്തെന്ന്‌ അജിത്‌ പവാർ കത്തിൽ പറയുന്നു. ഗവർണറുടെ തീരുമാനത്തിന്റെ പകർപ്പ്‌ കയ്യിലുണ്ടെന്ന്‌ മൂന്നംഗ ബെഞ്ചിനു മുമ്പാകെ തുഷാർ മേത്ത പറഞ്ഞു. ഗവർണർ ക്ഷണിച്ച നടപടിയിലേക്ക്‌ കടക്കുന്നില്ലെന്നും മുന്നിലുള്ള വിഷയം വിശ്വാവോട്ടെടുപ്പ്‌ മാത്രമാണെന്നും കോടതി പറഞ്ഞു.

ചീഫ്‌ ജസ്റ്റിസ്‌ എസ്‌ എ ബോബ്‌ഡെയുടെ അഭാവത്തിൽ ജസ്റ്റിസുമാരായ എൻ വി രമണയും അശോക്‌ ഭൂഷണും സഞ്‌ജീവ്‌ ഖന്നയുമാണ് കേസ്‌ പരിഗണിച്ചത്‌. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനും ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരിക്കുമായി റോഹ്ത്തഗിയും തുഷാര്‍ മേത്തയും ഹാജരായി. ശിവസേന‐കോൺഗ്രസ്‌‐എൻസിപി കക്ഷികള്‍ക്കായി കബില്‍ സിബലും മനു അഭിഷേക് സിങ് വിയുമാണ് കോടതിയിലെത്തിയത്. അജിത് പവാറിന് വേണ്ടി മനീന്ദര്‍ സിങ്‌ ഹാജരായി. കേസിൽ കക്ഷിചേരാന്‍ ഹിന്ദുമഹാസഭ നല്‍കിയ ഹര്‍ജി തള്ളി.

സുപ്രീംകോടതി ഉത്തരവ്‌ വന്നതിനു പിന്നാലെ ശിവസേനാ–എൻസിപി നേതാക്കൾ കൂടിക്കാഴ്‌ച നടത്തി. ത്രികക്ഷി സഖ്യത്തിലെ എംഎൽഎമാർ റിസോർട്ടിലും പഞ്ചനക്ഷത്ര ഹോട്ടലിലുമാണ്‌. താന്‍ ഇപ്പോഴും എന്‍സിപിയിലാണെന്നും ശരദ് പവാറാണ് നേതാവെന്നും ബിജെപിയുമായി ചേര്‍ന്ന് സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കുമെന്നും അജിത് പവാര്‍ ട്വിറ്ററില്‍ കുറിച്ചു. ബിജെപി എംഎൽഎമാരുടെ യോഗം വിളിച്ച ഫഡ്നാവിസ്, ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന്‌ ആത്മവിശ്വാസം പ്രകടിപ്പിച്ചു. എന്നാല്‍, അജിത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്ന് ശരദ് പവാര്‍ മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *