മഹാരാഷ്ട്രയിൽ വിശ്വാസവോട്ട് നേടി മഹാ വികാസ് അഘാടി സർക്കാർ

മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി മഹാ വികാസ് അഘാടി സർക്കാർ വിശ്വാസ വോട്ട് നേടി. 169 എം എൽ എ മാരുടെ പിന്തുണ ശിവസേന – എൻ സി പി – കോൺഗ്രസ് സഖ്യം നേടി. കോൺഗ്രസ് നേതാവ് അശോക് ചവാൻ വിശ്വാസ പ്രമേയം അവതരിപ്പിച്ചു. എൻ സി പി യിലെ ദിലീപ് പാട്ടീൽ പ്രോടെം സ്‌പീക്കറായി.
സഭയുടെ പ്രത്യേക സമ്മേളനം നിയമപരമല്ലെന്നു കാണിച്ച് ബിജെപി എംഎൽഎമാർ സഭയിൽ ബഹളം വെച്ചു. സമ്മേളനം എല്ലാ എംഎൽഎമാരെയും അറിയിക്കാൻ സാവകാശം ലഭിച്ചില്ലെന്നും എല്ലാവരെയും എത്തിക്കാനായില്ലെന്നും മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സ്‌പീക്കർ തെരഞ്ഞെടുക്കാതെ സഭ സമ്മേളിക്കുന്നത് മഹാരാഷ്ട്ര സഭയിൽ ഇതാദ്യമായാണ്. പ്രോടെം സ്‌പീക്കറെ മാറ്റിയതിനു കാരണം വ്യക്തമാക്കിയിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞയിൽ വ്യാപകമായ ചട്ടലംഘനമുണ്ടായതായും അദ്ദേഹം ആരോപിച്ചു. തുടർന്ന് ബിജെപി അംഗങ്ങൾ വിശ്വാസവോട്ട് ബഹിഷ്കരിക്കുകയും സഭയിൽ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.
സിപിഐ എം എംഎല്‍എ വിനോദ് നികോളെ ഉള്‍പ്പെടെ നാല് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. 288 അംഗ നിയമസഭയില്‍ 145 പേരുടെ പിന്തുണയാണു ഭൂരിപക്ഷത്തിനു വേണ്ടത്. മൂന്നു പാര്‍ട്ടികള്‍ക്കും കൂടി 154 എംഎല്‍എമാരാണുള്ളത്. ഗവര്‍ണര്‍ ഡിസംബര്‍ 3 വരെ സമയം നല്‍കിയിരുന്നെങ്കിലും ഇന്നു തന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *