ഞാൻ ഇവിടെ തന്നെയുണ്ട് ; വ്യാജ പ്രചരണത്തിനെതിരെ ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയിൽ പ്രതികരണവുമായി ബി.ജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. ബി.ജെ.പിയുടെ മുഖമായി ചാനൽ ചർച്ചകളിൽ പങ്കെടുത്തിരുന്ന ശോഭാ സുരേന്ദ്രൻ അടുത്തിടെ പൊതു ഇടങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇവർ തമിഴ്നാട് വ്യവസായിയും ബി.ജെ.പി പ്രവർത്തകനുമൊപ്പം ഒളിച്ചോടിയതായി ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നത്. വാർത്ത ട്രോളുകൾക്കും അഭ്യൂഹങ്ങൾക്കും ഇടയാക്കിയിരുന്നു.

ബി.ജെ.പിയിലെ മറ്റൊരു പക്ഷമാണ് ഈ വാർത്തകൾക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. സൈബർ ലോകത്ത് വൻ തോതിൽ ബി.ജെ.പി നേതാവ് ഒളിച്ചോടി എന്ന വാർത്ത കോൺഗ്രസ് സൈബർ വിങ്ങ് വരെ ഉപയോഗിച്ചു.ഇതിനിടെയാണ് വിശദീകരണവുമായി എത്തിയത്. വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കാമെന്ന് എന്ന് വിചാരിക്കേണ്ട എന്ന് പറഞ്ഞാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. വ്യാജ പ്രചരണങ്ങൾ ഇവിടം കൊണ്ട് അവസാനിക്കില്ലെന്നും താൻ ഇവിടെ തന്നെയുണ്ടന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം.

വ്യക്തിഹത്യ ചെയ്ത് ഇല്ലാതാക്കിക്കളയാം എന്നു വിചാരിക്കുന്നവരുടെ കൈയില്‍ ആയുധമായി മാറിയ പിതൃശൂന്യ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരേ നിയമനടപടി ആവശ്യപ്പെട്ട് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കു പരാതി നല്‍കി. വിലാസമോ ഫോണ്‍ നമ്പറോ സ്വന്തം വിവരങ്ങള്‍ വെളിപ്പെടുത്തുന്ന ഒരു വരി പോലുമോ ഇല്ലാത്ത ഓണ്‍ലൈന്‍ മാധ്യമമാണ് ഇന്നു രാവിലെ മുതല്‍ എനിക്കെതിരേ യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്ത പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് അവരേക്കുറിച്ച് ഇത്തരമൊരു വിശേഷണം നല്‍കുന്നത്. അവരുടെ നുണ സമൂഹമാധ്യമങ്ങളില്‍ ചില നീചമനസ്സുകള്‍ ഏറ്റെടുത്തിട്ടുമുണ്ട്. വാര്‍ത്ത പ്രസിദ്ധീകരിച്ചവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും എതിരായി ശക്തമായ നിയമനടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. സൈബര്‍ നിയമത്തിലെ പുതിയ ഭേദഗതിയും വ്യക്തിഹത്യക്കെതിരേ അത് പൊലീസിനു നല്‍കുന്ന അധികാരങ്ങളും ഫലപ്രദമായി വിനിയോഗിക്കേണ്ടത് ഇത്തരം കുപ്രചരണങ്ങള്‍ക്കതിരേയാണ്. സ്ത്രീത്വത്തെ അവഹേളിക്കുകയും ദീര്‍ഘകാലത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ സമൂഹത്തില്‍ നേടിയെടുത്ത ഇടം കളങ്കപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന കള്ളവാര്‍ത്തയാണ് ഇത്. അതില്‍ പേരെടുത്തു പറയുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ, വ്യക്തമായി മനസ്സിലാകുന്ന വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി അതിനൊപ്പം ഒരു വ്യാജവിവരം കൂടി ചേര്‍ത്തിട്ടു പേരു പറഞ്ഞില്ലല്ലോ എന്ന് പറയുന്നതില്‍ അര്‍ത്ഥമൊന്നുമില്ല.
ഇത് ഇവിടംകൊണ്ട് അവസാനിക്കുമെന്ന് വാര്‍ത്തയ്ക്കു പിന്നിലുള്ളവരാരും കരുതേണ്ടതില്ല. ഞാന്‍ ഇവിടെത്തന്നെയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *