“തിരിച്ചു വരാതെ യാത്ര പോയവർ; അഭിമന്യൂവിൻ്റെ ഓർമ്മകളുമായി സീന ഭാസ്ക്കർ

സഖാവേ ഇത് ഒരു ഒന്നൊന്നര പുസ്തകമായിരിക്കും. ഇതിന് ധാരാളം അവാർഡുകളും സഖാവിന് കിട്ടും. ഉം ….. അപ്പോൾ ഞങ്ങളെയൊക്കെ ഒന്നോർക്കണേ …"

മഹാരാജാസ് കോളജിൽ എസ്.ഡി.പി.ഐക്കാർ കൊല്ലപ്പെടുത്തിയ അഭിമന്യുവിൻ്റെ ഓർമ്മകളുമായി സൈമൺ ബ്രിട്ടോയുടെ ഭാര്യ സീനഭാസ്ക്കർ . അഭിമന്യു എഴുതി കൊണ്ടേയിരിക്കുന്നു എന്ന തലക്കെട്ടോടെയാണ് സീന ഭാസ്ക്കർ പോസ്റ്റ് ആരംഭിക്കുന്നത്. സഖാവേ ഇത് ഒരു ഒന്നൊന്നര പുസ്തകമായിരിക്കുമെന്നും ഇതിന് ധാരാളം അവാർഡുകൾ ലഭിക്കുമെന്നും അഭി സഖാവ് സൈമൺ ബ്രിട്ടോയോട് പറഞ്ഞ കാര്യവും സീന ഭാസ്ക്കർ പോസ്റ്റിൽ കുറിച്ചു. ബ്രിട്ടോയെക്കാളും അഭിമന്യുവിനേക്കാളും ശക്തരായി പുതിയ യുവത്വം പുരോഗമന വിദ്യാർത്ഥി പ്രസ്ഥാനത്തിലുണ്ടാകുമെന്ന് പറഞ്ഞാണ് സീന ഭാസ്കർ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിൻ്റെ പൂർണ്ണരൂപം വായിക്കാം

അഭിമന്യു എഴുതി കൊണ്ടെയിരിക്കുന്നു. ബ്രിട്ടോ അത്യുൽസാഹത്തോടെ സഞ്ചരിച്ച വഴികളിലൂടെ മാനസ സഞ്ചാരം നടത്തി പറഞ്ഞു കൊണ്ടിരിക്കുന്നു. ഒരിക്കലും മുഴുമിക്കാൻ കഴിയാത്ത എഴുത്തായിരുന്നില്ല അത്. അഭി അവന്റെ കൃത്യം നിർവ്വഹിച്ചു കഴിഞ്ഞ ശേഷം

“സഖാവേ ഇത് ഒരു ഒന്നൊന്നര പുസ്തകമായിരിക്കും. ഇതിന് ധാരാളം അവാർഡുകളും സഖാവിന് കിട്ടും. ഉം ….. അപ്പോൾ ഞങ്ങളെയൊക്കെ ഒന്നോർക്കണേ …”

അവൻ പറഞ്ഞു തീരും മുമ്പ് ബ്രിട്ടോ പറഞ്ഞു.

” എടാ എന്നോടൊപ്പം വരാൻ നീയും നിലവും സീനയുമല്ലാതെ മറ്റാരായുള്ളത് . അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും നമുക്ക് യാത്ര പോകാം . നീ നല്ല ഭക്ഷണം കഴിച്ച് ആരോഗ്യം മെച്ചപ്പെടുത്തണം. എങ്കിലെ എന്നെ എടുത്തു പൊക്കാനൊക്കെ കഴിയൂ…”

“സഖാവേ ഇങ്ങനെയിരിക്കുന്നുവെന്ന് വച്ച് സഖാവിനെ പൊക്കാനൊക്കെ എനിക്കു കഴിയും. നമുക്ക് പോകാം സഖാവേ …”

അതെ
രണ്ടു പേരും ആരോടും പറയാതെ യാത്ര പോയി …

തിരികെ വരുമെന്ന് കാത്തിരിക്കുന്നവർ …

അവർക്ക് എന്തെങ്കിലും സന്ദേശങ്ങളയയ്ക്കൂ …

എടാ അഭീ ഇടയ്ക്ക് നിറചിരിയുമായി നീ വരും …

എന്റടുത്ത് ആരുമില്ല സീനേ … സഹായത്തിനാളില്ലാതെ ….എന്തൊക്കെയൊ പറഞ്ഞ് ബ്രിട്ടോയും …

ഇനിയും വെളിച്ചം കാണാത്ത ഭാരത യാത്രയുടെ കാതലായ ഭൂരിഭാഗം പേജുകളും തൃശൂരിൽ നിന്ന് നഷ്ടപ്പെട്ടിട്ട് ഇപ്പോഴും തിരിച്ചു കിട്ടിയിട്ടില്ല. എന്നെങ്കിലും ഇത് എടുത്തവർ അവരുടെ മാസ്റ്റർപീസായി ഇറക്കുമായിരിക്കുമെന്ന പ്രതീക്ഷയിലാണ് ഞാനും ..എന്നിരുന്നാലും ബ്രിട്ടോയുടെ കുറിപ്പുകളുടെ അടിസ്ഥാനത്തിൽ അത് എങ്ങനെയെങ്കിലും പൂർത്തീകരിക്കണം. അല്ലെങ്കിൽ അഭിയും ബ്രിട്ടോയും എന്നോട് പൊറുക്കില്ലായെന്ന് ഞാൻ വിശ്വസിക്കുന്നു. പേരിടാത്തൊരു നാടകവും കൈവശമുണ്ട്. അതൊക്കെയെടുത്ത് നോക്കുമ്പോൾ മനസാകെ വിങ്ങുന്നു. പല പല ചിത്രങ്ങളും മനസിലേക്ക് ഓടിയെത്തുന്നു. വീണ്ടും കെട്ടി പൂട്ടി വയ്ക്കുന്നു. ഒരിക്കലും പ്രതീക്ഷിയ്ക്കാത്ത ഈ ദീർഘയാത്രയിൽ വെന്തുനീറുമ്പോഴും പ്രസ്ഥാനത്തോടൊപ്പം ; ബ്രിട്ടോയുടെ ആശയത്തിൽ ഉറച്ചു നിൽക്കുന്നതു കൊണ്ട് ഒരു സുഹൃത്ത് എന്നോട് ചോദിയ്ക്കുകയാണ്

" സീനാ ചേച്ചീ സീനാ ചേച്ചിക്ക് ബ്രിട്ടോ സഖാവിനോട് അവസാന കാലത്ത് നീതി പുലർത്താനായോയെന്ന് ?

എന്നത്തേതുംപോലെ സാധാരണമായൊരു ദിവസം ഒരിക്കലും ഞാനൊരവസാന കാലമായി കണ്ടിരുന്നില്ല. എന്റെ പ്രിയ സുഹൃത്തിനോട് പറയാനുള്ളത് ബ്രിട്ടോയ്ക്കും അഭിയ്ക്കും എനിയ്ക്കുമൊക്കെയുള്ളത് എല്ലാവരോടും അതിരറ്റ സ്നേഹവും കരുതലും അവരുടെ നന്മയും മാത്രമാണ്. അതുലുപരി ആരിൽ നിന്നും മറ്റൊന്നുമാഗ്രഹിക്കുന്നില്ല.

ഈ രണ്ടു സഖാക്കളെ കുറിച്ചു പറയുമ്പോഴും ഒരു കാര്യം സത്യമാണ്. ” അകാലത്തിലുള്ള നിങ്ങളുടെ യാത്ര ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു.
ഇനിയുള്ള ജീവിതത്തിലെ ഞങ്ങളുടെ നീറ്റൽ …
അതനുഭവിച്ചു തന്നെ തീർക്കേണ്ടിയിരിയ്ക്കുന്നു.

ഇന്ന് രാവിലെ (1/7/2020 ) ഞാൻ പരിജിത്തിനെ വിളിച്ചു. അഭിയുടെ അമ്മയെ നാളെ എനിയ്ക്ക് വിളിയ്ക്കാനാവില്ല. എനിയ്ക്കൊന്ന് സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്.

” ചേച്ചീ അമ്മ കരഞ്ഞു കരഞ്ഞ് തളർന്ന് കിടക്കുകയാണ്. രംഗമാകെ മോശമാണ്. നാളെ വിവിധ ഭാഗത്തു നിന്നും SFI സംസ്ഥാന കമ്മിറ്റിയിൽ നിന്നും സഖാക്കളെത്തും. അവർക്ക് വേണ്ടി എന്തെങ്കിലുമൊരുക്കണം. അമ്മയ്ക്കാവുമോ എന്നെനിയ്ക്കറിയില്ല. ഇത്രയും കേട്ടപ്പോൾ തന്നെ ഞാൻ പറഞ്ഞു ഫോൺ കൊടുക്കേണ്ട . മറ്റെപ്പോഴെങ്കിലും ഞാൻ വിളിക്കാം. നീറി നീറി ദിവസങ്ങൾ തള്ളി നീക്കുന്ന വേദന തൊട്ടറിയുന്നവരാണ് ഞങ്ങൾ … എന്തു പറഞ്ഞ് സമാധാനിപ്പിക്കാൻ .

വർഗ്ഗീയതയ്ക്കും ഭരണകൂട ഭീകരതയ്ക്കുമെതിരെ പോരാടാൻ ബ്രിട്ടോയുടേയും അഭിമന്യുവിന്റേയും പ്രസ്ഥാനം എല്ലാക്കാലത്തും മുന്നിലുണ്ടാകും. നമ്മുടെ പ്രസ്ഥാനം 50 ന്റെ നിറവിലും നവയൗവ്വനത്തോടെ മുന്നേറുന്നു. ബ്രിട്ടോ SFI ക്കാരോടും മറ്റു സഖാക്കളോടും നിരന്തരം പറയുന്ന വർഗ്ഗ ബോധവും വർഗ്ഗ ചേതനയും തിരിച്ചറിയുന്ന, സാമൂഹ്യമാറ്റത്തിന്റെ പടയാളികൾ മുന്നോട്ടു വരും. അവരിലാണിനി പ്രതീക്ഷ. കൊറോണയുടെ മറവിലെ UAPA , പോക്സോ തുടങ്ങിയ ദുർ നിയമങ്ങൾ കൃത്യമായും എവിടെയാണ് പ്രയോഗിയ്ക്കേണ്ടതെന്നറിയാത്ത ; അച്ഛനേയും മകനേയും ജനനേന്ദ്രിയം തകർത്ത് കൊല്ലുന്ന ഭരണകൂടമെ നിങ്ങളുടെ അജണ്ട തിരിച്ചറിയുന്ന പോരാളികൾ അണിനിരക്കുമെന്നതിൽ സംശയമില്ല. ജീവിച്ചിരുന്ന ബ്രിട്ടോയെക്കാളും അഭിമന്യുവിനേക്കാളും ശക്തരായി അവർ പുരോഗമന വിദ്യാർത്ഥീ പ്രസ്ഥാനത്തിലുണ്ടാകും ….

സീനാ ഭാസ്കർ
1… 7… 2020

Leave a Reply

Your email address will not be published. Required fields are marked *