ഇടത് സർക്കാരിനെതിരെയുള്ള അവിശ്വാസം പരാജയപ്പെട്ടു: സഭയിൽ റെക്കോഡിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ട് വന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40നെതിരെ 87 വോട്ടിനാണ് പ്രമേയം തള്ളിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച ചർച്ച രാത്രി 9.45നാണ് അവസാനിച്ചു. മറുപടി പ്രസംഗത്തിലും സഭ പുതിയ ചരിത്രം സൃഷ്ടിച്ചു. മൂന്ന് മണിക്കൂറാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്. അവിശ്വാസം തള്ളിയതോടെ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു .പത്ത് മണിക്കൂറിനടുത്താണ് അവിശ്വാസ പ്രമേയ ചർച്ചയ്ക്കെടുത്തത്. ചർച്ചയ്ക്കിടെ പല തവണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ വാക് പോരിനും സഭ സാക്ഷ്യം വഹിച്ചു. മറുപടി പ്രസംഗത്തിന് മുഖ്യമന്ത്രി സമയം കൂടുതൽ എടുക്കുന്നുവെന്ന് പറഞ്ഞ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചായിരുന്നു പ്രതിപക്ഷ പ്രതിഷേധം. വിമാന താവളത്തിനെതിരായ പ്രമേയത്തിൽ ബി.ജെ.പി. എം എൽ എ ഒ രാജഗോപാൽ കൈ ഉയർത്തിയത് ആശയക്കുഴപ്പത്തിനിടയാക്കി. അവിശ്വാസ പ്രമേയ ചർച്ചയ്ക്ക് മൂന്ന് മണി വരെയാണ് സമയം നിശ്ചയിച്ചതെങ്കിലും രാത്രി 9.30 വരെ നീളുകയായിരുന്നു. സ്വർണ്ണക്കടത്തിൻ്റെ പേരിൽ നിറം മങ്ങി പോയ സർക്കാരിന് പുതുജീവൻ നൽകുന്നതായിരുന്നു ഇന്നത്തെ അവിശ്വാസ പ്രമേയ ചർച്ചയെന്നാണ് രാഷ്ട്രീയ വിദഗ്ദ്ധർ വിലയിരുത്തിയത്. ജനമധ്യത്തിൽ കാണാമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി മറുപടി പ്രസംഗം അവസാനിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *