കുഴികച്ചവടം വേണ്ട; എല്ലാവരെയും ഒരുപോലെ അടക്കാം

കൊച്ചി: ക്രൈസ്തവ സഭകളിലെ കുഴിക്കച്ചവടത്തിനെതിരെ മാധ്യമ പ്രവർത്തകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ക്രൈസ്തവ ആചാര പ്രകാരം മൃതദേഹം കല്ലറയിൽ അടക്കുന്നതും സ്ഥിര കല്ലറ ,കുടുംബ കല്ലറ എന്നിവയുടെ പേരിൽ പള്ളികൾ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ വാങ്ങുന്നതായും കുഴി കച്ചവടം എന്ന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .മാധ്യമ പ്രവർത്തകനായ നെൽവിൻ ആണ് പോസ്റ്റിട്ടിരിക്കുന്നത്. ലക്ഷങ്ങൾ മുടക്കി കല്ലറ സ്വന്തമാക്കുമ്പോൾ സെമിത്തേരിയിലെത്തുന്ന വിശ്വാസികശക്കിടയിൽ സാമ്പത്തിക വേർതിരിവ് ഉണ്ടാകുമെന്നും പോസ്റ്റിലുണ്ട്.
ഉള്ളവനും ഇല്ലാത്തവനും ആറടി മണ്ണിൽ ഒരു പോലെ വിശ്രമിക്കുന്ന സുന്ദര സുരഭില കിനാശേരി സ്വപ്നം കാണുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

https://m.facebook.com/story.php?story_fbid=1525775177626010&id=100005806271995

‘കുഴി’ കച്ചവടം

മൃതദേഹം സംസ്‌കരിക്കുന്നതാണ് ക്രെെസ്‌തവ വിശ്വാസ പ്രകാരം ഏറ്റവും ഉചിതമായ രീതിയെന്നാണ് പറയുന്നത്. അന്ത്യവിധിക്കായി ദെെവം വരുമ്പോൾ കല്ലറയിലുള്ളവർ അവന്റെ ശബ്ദം കേട്ടു ഉയിർത്തെഴുന്നേൽക്കുമെന്ന് വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നുണ്ട്. ആറടി താഴ്‌ചയിൽ കുഴിയെടുത്ത് പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം മരിച്ചവരെ സംസ്‌കരിക്കുന്ന പതിവ് വർഷങ്ങൾക്കു മുൻപേയുള്ളതാണ്. പിൽക്കാലത്ത് ആ ‘കുഴി’ ഒരു കച്ചവട സാധ്യതയും തുറന്നിട്ടു. തൃശൂർ അതിരൂപതയിലെയും എറണാകുളം-അങ്കമാലി അതിരൂപതയിലെയും പള്ളി സെമിത്തേരികളിൽ പോയി നോക്കിയാൽ അത് കാണാൻ സാധിക്കും.

സ്ഥിര കല്ലറ, കുടുംബ കല്ലറ ഇത്യാദി രീതികൾ ആരംഭിച്ചത് അങ്ങനെയാണ്. രണ്ടോ മൂന്നോ ലക്ഷം രൂപ നൽകിയാൽ പള്ളി സെമിത്തേരിയിലെ ആറടി മണ്ണ് സ്വന്തമാക്കാം. അതായത് കല്ലറ സ്ഥിരമാകുന്ന ഏർപ്പാട്. പക്ഷേ, രണ്ടോ മൂന്നോ ലക്ഷം രൂപ കെട്ടിവയ്‌ക്കണം. അങ്ങനെ കെട്ടിവയ്‌ക്കുന്നവർക്ക് പള്ളിയിലെ ആറടി മണ്ണ് സ്വന്തം. കല്ലറയിൽ മാർബിളും ഗ്രാനെെറ്റും പാകാൻ അനുമതിയായി. സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിൽ നിൽക്കുന്നവരേ ഈ സാഹസത്തിനു മുതിരുള്ളൂ.

പലപ്പോഴും പള്ളി സെമിത്തേരിയിലൂടെ നടക്കുമ്പോൾ വിശ്വാസികൾക്കിടയിലെ സാമ്പത്തികമായ ഈ വേർതിരിവ് പെട്ടന്ന് മനസിലാക്കാൻ സാധിക്കും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ വെറും ആയിരങ്ങൾ നൽകിയാൽ മതി സംസ്‌കാരത്തിന്. ആറടി മണ്ണിൽ അടക്കും. പക്ഷേ, സ്ഥിര കല്ലറയല്ലാത്തതിനാൽ മൂന്നോ നാലോ വർഷം കഴിയുമ്പോൾ കല്ലറ മാന്തി അവശിഷ്‌ടം പുറത്തെടുക്കും. പിന്നീട് ആ അവശിഷ്‌ടം പള്ളിയിലൊരു പൊതുകിണറ്റിൽ നിക്ഷേപിക്കും. ആ കല്ലറയിൽ വേറെ ആളെ അടക്കുകയും ചെയ്യും.

മൃതദേഹം ദഹിപ്പിക്കുന്ന രീതിയോട് ഒരുതരത്തിലും സമരസപ്പെടാൻ സാധിക്കാത്ത വർഗമാണ്. അതിനു മാനദണ്ഡം വിശ്വാസമാണ്. യേശുക്രിസ്‌തു മരിച്ച ശേഷം ഒരു കല്ലറയിൽ അടക്കിയെന്നാണ് വിശുദ്ധ ഗ്രന്ഥത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ വിശ്വാസികളെ കല്ലറയിൽ അടക്കുന്ന രീതി പിന്തുടർന്നു പോകുന്നു. എന്നാൽ, അതിനിടയിലേക്ക് സ്ഥിര കല്ലറ ഏർപ്പാട് തുടങ്ങിയത് ഏതോ അതിബുദ്ധിമാനായ കച്ചവടക്കാരന്റെ മനസിൽ ഉദിച്ച ആശയമാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അതുകൊണ്ടാണ് ആലപ്പുഴ രൂപത കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകിയപ്പോൾ അതിലൊരു ചെറിയ വിപ്ലവം തോന്നിയത്. സാഹചര്യത്തിന്റെ സമ്മർദം മൂലമാണെങ്കിലും വളരെ പക്വമായ തീരുമാനമായിരുന്നു.

പറഞ്ഞുവന്നത് ചില പിടിവാശികളും വിശ്വാസത്തിന്റെ പേരിലുള്ള കടുംപിടിത്തങ്ങളും കാലാകാലങ്ങളോളം അടിച്ചേൽപ്പിക്കാമെന്ന് ഒരു മതവും കരുതരുത്. ക്രെെസ്‌തവ ആചാരപ്രകാരം ഒരു മൃതദേഹം സെമിത്തേരിയിൽവച്ച് ദഹിപ്പിക്കേണ്ടി വരുമെന്ന് ഒരു പാതിരിയും സ്വപ്‌നം പോലും കണ്ടുകാണില്ല. ഒടുവിൽ അതും സംഭവിച്ചു. ചില കച്ചവട സാധ്യതകൾ മുന്നിൽകണ്ട് ഇൻജക്‌ട് ചെയ്‌തുവച്ച പല ആചാരങ്ങളും നടപ്പുരീതികളും പുനർവിചിന്തനം നടത്തി കുറച്ചൊക്കെ മോഡേൺ ആവാനുള്ള അവസരം കൂടിയാണ് ഇത്.

പള്ളി പണിയാൻ 25,000 രൂപ സംഭാവന ചെയ്‌ത അച്ചായൻമാർക്ക് ‘മെത്രാനച്ചനൊപ്പം സപ്പർ’ എന്ന ആനുകൂല്യം നൽകുകയും അഷ്‌ടിയ്‌ക്ക് വകയില്ലാത്തവൻ രണ്ടായിരവും മൂവായിരവും തന്നിട്ടും അതിനെ പുച്ഛിച്ച് തള്ളുകയും ചെയ്യുന്ന സാമ്പ്രദായിക രീതിയൊക്കെ മാറട്ടെ, ഉള്ളവനും ഇല്ലാത്തവനും ആറടി മണ്ണിൽ ഒരുപോലെ വിശ്രമിക്കുന്ന സുന്ദരസുരഭില കിനാശേരി സ്വപ്‌നം കാണുന്നതിൽ തെറ്റൊന്നുമില്ലല്ലോ?

NelvinGok

https://m.facebook.com/story.php?story_fbid=1525775177626010&id=100005806271995

Leave a Reply

Your email address will not be published. Required fields are marked *