മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറിന് ഇന്ന് 69 വയസ് തികയുകയാണ്. മലയാളത്തിന്റെ സ്വന്തം നടനവിസ്മയമായ മമ്മൂട്ടിയെക്കുറിച്ച് മലയാളികളുടെ സ്വന്തം മമ്മൂക്കയെക്കുറിച്ച് മാധ്യമ പ്രവര്ത്തകന് നെല്‍വിന്‍ ഗോക് എഴുതുന്നു

നെല്‍വിന്‍ ഗോക്
അയാള്‍ക്ക് എല്ലാം അറിയണം, എല്ലാ കാര്യങ്ങളെ കുറിച്ചും സംശയമാണ്. അതെന്താണ് അങ്ങനെ ? ഇതെന്താണ് ഇങ്ങനെ ? ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അഭിനയത്തോട് മാത്രമല്ല മറ്റെല്ലാ വിഷയങ്ങളിലും മമ്മൂട്ടി ഇങ്ങനെയാണ്. ഇനിയും കുറേ കാര്യങ്ങള്‍ അറിയണം, പഠിക്കണം. അതുമാത്രമാണ് മമ്മൂട്ടിയെ ഇത്ര അപ്ടുറ്റേഡ് ആക്കുന്നത്. അഭിനയത്തോട് അയാള്‍ കാണിച്ച ആര്‍ത്തിയാണ് മലയാള സിനിമയ്ക്ക് മമ്മൂട്ടിയെ സമ്മാനിച്ചത്. സിനിമയുമായി അടുത്ത ബന്ധമുള്ള സുഹൃത്തുക്കള്‍ മമ്മൂട്ടിയെ കുറിച്ച് പലപ്പോഴായി പറഞ്ഞുകേട്ടിട്ടുള്ള കാര്യമാണ്.

രണ്ടാമതൊന്ന് ചിന്തിക്കാതെ വിസ്മൃതിയിലേക്ക് തള്ളികളയേണ്ട മമ്മൂട്ടി കഥാപാത്രങ്ങളുടെ അതിപ്രസരമാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നാം കണ്ടിട്ടുള്ളത്. മമ്മൂട്ടിയെന്ന നടനെ ഒരു ശതമാനം പോലും ഉപയോഗപ്പെടുത്താത്ത എത്രയെത്ര സിനിമകള്‍ ? അപ്പോഴും മമ്മൂട്ടിയെന്ന നടനോട് വെറുപ്പ് തോന്നാത്തത് മരുഭൂമിയിലെ മരുപ്പച്ച കണക്കെ ഒരു ഉണ്ടയും യാത്രയും പേരന്‍പും പത്തേമാരിയും മുന്നറിയിപ്പും അയാള്‍ കൃത്യമായ ഇടവേളകളില്‍ സമ്മാനിക്കുന്നതുകൊണ്ടാണ്.
തന്നിലെ നടന് വെല്ലുവിളി ഉയര്‍ത്താത്ത മോശം സിനിമകളില്‍ എന്തിനാണ് അഭിനയിക്കുന്നതെന്ന് ചോദിച്ചാല്‍ മമ്മൂട്ടിക്ക് ഒരു ഉത്തരമേയുള്ളൂ; ‘ഞാന്‍ നേടാനുള്ളതെല്ലാം നേടി, ഇനി ഞാന്‍ മൂലം ആരെങ്കിലും എന്തെങ്കിലും നേടട്ടെ
‘വളരെ ബഹുമാനത്തോടെ പറയട്ടെ, മമ്മൂട്ടിയുടെ ഈ ന്യായീകരണം ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കുന്നില്ല. വിധേയനും പൊന്തന്മാടയും ഭൂതക്കണ്ണാടിയും അമരവും കണ്ട് മതിമറന്നിരുന്ന നിങ്ങളുടെ സത്യസന്ധരായ ആരാധകര്‍ക്ക് ഈ ന്യായീകരണം ഒരുതരത്തിലും ദഹിക്കില്ല.

വര്‍ഷങ്ങള്‍ക്കു മുന്‍പ് കൈരളിയില്‍ സംപ്രേഷണം ചെയ്ത ഒരു അഭിമുഖമുണ്ട്. സംവിധായകന് രഞ്ജിത്താണ് മമ്മൂട്ടിയുമായുള്ള അഭിമുഖം നടത്തുന്നത്. ലോഹിതദാസ് പെട്ടന്നങ്ങ് പോയതിനെ കുറിച്ച് മമ്മൂട്ടി വിഷമത്തോടെയും ദേഷ്യത്തോടെയും സംസാരിക്കുകയാണ്. ലോഹി, എന്തിനാണ് ഇത്ര നേരത്തെ പോയതെന്ന് മമ്മൂട്ടി സ്വയം ചോദിക്കുന്നു. വല്ലപ്പോഴുമൊക്കെ എനിക്ക് നല്ല കഥാപാത്രങ്ങള്‍ തന്നിരുന്ന വ്യക്തിയാണ്. പെട്ടന്നൊരു സുപ്രഭാതത്തില്‍ അയാള്‍ ഇറങ്ങി പോയി. നമുക്ക് നല്ല കഥാപാത്രങ്ങള്‍ തന്നിരുന്നവരെല്ലാം പറയാതെ യാത്രയാകുകയാണ്. മോശം സിനിമകള്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍ മമ്മൂട്ടി നല്കിയ ന്യായീകരണം മനസില്ലാ മനസോടെയാണെന്ന് തോന്നിപ്പോകും. എനിക്ക് നല്ല കഥാപാത്രങ്ങള്‍ തരുന്നവരെല്ലാം പോയി, നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ തന്നിലെ നടനെ രാകിമിനുക്കാന്‍ പരമാവധി ശ്രമിക്കാമെന്ന് പറയാതെ പറഞ്ഞുവയ്ക്കുന്നുണ്ട് മമ്മൂട്ടി !
സിനിമയിലെ മാറ്റങ്ങളെ കുറിച്ച്, തലമുറ മാറ്റത്തെ കുറിച്ച് മമ്മൂട്ടി കൃത്യമായി മനസിലാക്കിയിട്ടുണ്ട്. തന്റെ കാലം കഴിഞ്ഞു തുടങ്ങിയെന്ന് മമ്മൂട്ടിക്ക് തോന്നി തുടങ്ങിയിരിക്കാം.
മോഹന്‍ലാലിന്റെ ജന്മദിനത്തിനു ആശംസകള്‍ അറിയിച്ച് മമ്മൂട്ടി പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉള്ളുലയ്ക്കുന്ന ഒരു ചോദ്യമുണ്ടായിരുന്നു, ‘ഇനിയുമെത്രനാള്‍,’
തനിക്ക് ജരാനരകള്‍ ബാധിച്ചുതുടങ്ങിയെന്നും സുവര്‍ണ കാലഘട്ടം അവസാനിച്ചെന്നും 69 കാരനായ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ വളരെ ബഹുമാനത്തോടെ ആവര്‍ത്തിക്കട്ടെ; ‘ഞങ്ങള്‍ക്ക് അങ്ങനെ കരുതാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ട്’ മലയാള സിനിമയുടെ അമരത്തേക്ക് നിങ്ങള്‍ക്കൊരു ഇരിപ്പിടമൊരുക്കി തന്നത് മലയാളികളാണ്. അതിനുകാരണം, നിങ്ങള്‍ക്ക് അഭിനയത്തോടെ ആര്‍ത്തിയാണ്, ആദ്യമേ പറഞ്ഞതുപോലെ തെക്കും വടക്കും അതിര്‍വരമ്പുകള്‍ വയ്ക്കാതെ അതിനെയെല്ലാം തന്റെ അനന്തസാധ്യതകളാക്കി മാറ്റിയ നിങ്ങളിലെ അഭിനയ സൗകുമാര്യമാണ്.

നിങ്ങള്‍ മറന്നുപോയെങ്കില്‍ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കാം, എസ്.എന്‍.സ്വാമിയുടെ വാക്കുകള്‍ കടമെടുത്തുകൊണ്ട്; ‘അയാള്‍ക്ക് സിനിമയാണ് ജീവിതം, സിനിമയാണ് ആശ്വാസം, സിനിമയാണ് നിശ്വാസം‘

മമ്മൂട്ടിയുടെ സ്റ്റാര്‍ഡം ചൂഷണം ചെയ്യുന്ന സിനിമകള്‍ തനിക്ക് വലിയ ഇഷ്ടമാണെന്നാണ് ഫഹദ് ഫാസില്‍ പറഞ്ഞത്. അതിനോട് കൂടി ചേര്‍ത്തുവയ്ക്കാന്‍ ആഗ്രഹിക്കുന്നു; പൂര്‍ണമായി പരാജയപ്പെട്ട, അടികൊണ്ട് താഴെ വീണുപോയ, എല്ലാം നഷ്ടപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളോടാണ് എനിക്കെന്നും ആരാധന. പരാജയപ്പെട്ട മമ്മൂട്ടി കഥാപാത്രങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ ആവേശത്തോടെയാണ് ഇന്നും സ്ക്രീനില്‍ കാണുന്നത്. ന്യൂഡല്‍ഹിയിലെ ജി.കൃഷ്ണമൂര്‍ത്തിയും കൗരവറിലെ ആന്റണിയുമാണ് അത്തരത്തില്‍ ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങള്‍.

അംബേദ്കര്‍ക്ക്, ഭാസ്കര പട്ടേലര്‍ക്ക്, മാടയ്ക്ക്, ചന്തുവിന്, ഡാനിക്ക്, ബഷീറിന്, അച്ചൂട്ടിക്ക്, ജി.കൃഷ്ണമൂര്‍ത്തിയ്ക്ക് മലയാളിയെ കരയിപ്പിച്ചും ചിരിപ്പിച്ചും ത്രസിപ്പിച്ചും നിങ്ങള്‍ പകര്‍ന്നാടിയ സമാനതകളില്ലാത്ത കഥാപാത്രങ്ങള്‍ക്ക്, പത്മശ്രീ ഭരത് മമ്മൂട്ടിക്ക് ജന്മദിനാശംസകള്.