കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയം ബി.ജെ.പി നേത്യത്വത്തിന് കീറാമുട്ടിയാകുന്നു. കൊല്ലം കോർപ്പറേഷനുകളിലെ ഡിവിഷനും പഞ്ചായത്ത് തലത്തിലേക്കുള്ള സ്ഥാനാർത്ഥി നിർണ്ണയമാണ് ബി.ജെ.പിക്ക് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. സ്ഥാനാർത്ഥിയാക്കാത്തതിനെ തുടർന്ന് മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയഗം ചുമരെഴുതാനായി സ്വന്തം വീട് ചുമർ എൽ .ഡി .എഫിന് നൽകി. കൊല്ലം കടവൂർ സ്വദേശിനിയും മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയ ഗവുമായ ചെറുപുഷ്പമാണ് സ്വന്തം ചുമർ ഇടത് പക്ഷത്തിന് നൽകിയത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇവരുടെ വാർഡായ നീരാവിൽ ഡിവിഷനിൽ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും അവസാന നിമിഷം പ്രാദേശിക ഘടകത്തിലെ ആർ എസ് എസിലെയും ചിലരുടെ നിർദേശ പ്രകാരം ഒഴിവാക്കുകയും പകരം കാഥികനായിരുന്ന സാംബശിവൻ്റെ മകനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥിയാക്കാമെന്ന് പറഞ്ഞ് ഇവരുടെ പക്കൽ നിന്ന് നേതാക്കൾ പണം വാങ്ങിയിരുന്നുവെന്നും എന്നിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിൽ തഴഞ്ഞുവെന്നും റിപ്പോർട്ട് കളുണ്ടായിരുന്നു. ഇത്തവണ നീരാവിൽ ഡിവിഷൻ സ്ത്രീ സംവരണമായതിനെ തുടർന്ന് ചെറുപുഷ്പം സ്ഥാനാർത്ഥി മോഹവുമായി സമീപിച്ചെങ്കിലും മറ്റ് നേതാക്കളുടെ ഭാര്യമാരെയും സഹോദരിമാരെയും മത്സരിപ്പിക്കണമെന്ന ആവശ്യവുമായി വന്നതോടെ പ്രതിസന്ധി രൂക്ഷമായി. നിലവിൽ രണ്ട് തവണ ബി.ജെ.പി സ്ഥാനാർത്ഥിയായി രണ്ട് വനിതകളെ തീരുമാനിച്ചെങ്കിലും കൂടുതൽ പേർ സ്ഥാനാർത്ഥി മോഹം പ്രകടിപ്പിച്ചെത്തിയതോടെ നിശ്ചയിച്ച സ്ഥാനാർത്ഥിയെ മാറ്റി. നിലവിൽ മൂന്ന് പേരാണ് മത്സരിക്കാൻ സന്നദ്ധരായി രംഗത്ത് വന്നിരിക്കുന്നത്. ഇതിൽ ചെറുപുഷ്പം ,മഹിളാ മോർച്ചയിലേക്ക് പുതുതായി വന്ന രണ്ട് യുവതികൾ എന്നിവരാണ് മുന്നോട്ട് വന്നിട്ടുള്ളത്. സ്ഥാനാർത്ഥിയാക്കിയില്ലേൽ ഇവർ വിമതരായി നിൽക്കുമോയെന്ന ഭയവും നേതൃത്വത്തിനുണ്ട്.

മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയഗം ചുമർ ഇടത് പക്ഷത്തിന് നൽകിയത്.ബി.ജെ.പിക്ക് പ്രദേശത്ത് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ഇത് ബി.ജെ പി പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫീസിൽ അറിയിച്ചതോടെ ജില്ലാ നേതാക്കൾ ഇവരെ ഓഫീസിൽ വിളിച്ചു വരുത്തി ശാസിക്കുകയും വിശദീകരണം തേടുകയും ചെയ്തു. ഇതിനോടകം തന്നെ സി.പി.ഐ.എം പ്രവർത്തകർ മതിൽ വെള്ളയടിച്ച് ബുക്ക് ചെയ്യുകയും ചെയ്തു. വാക്കാൽ ഉറപ്പ് തരുകയും അനുവാദം ചോദിക്കുകയും ചെയ്തിട്ടാണ് ചുമർ വെള്ളയടിച്ച് ബുക്ക് ചെയ്തതെന്ന് എൽ.ഡി.എഫ് പ്രവർത്തകർ പറഞ്ഞു.