M S DHONI: THE TOLD STORY ; ആരാധകരുടെ സ്വന്തം മഹി

DEEPU

എങ്ങനെ വരുന്ന പന്തും കഴിയുന്നത്ര ദൂരത്തേക്ക് അടിച്ചകറ്റാനുള്ള ഒരു വന്യമായ വാസന. കൃത്യമായ ഫുട് വര്‍ക്കിനും ബാക്ക്‌ലിഫ്റ്റിനും ശേഷമുണ്ടാകുന്ന മനോഹരമായ പ്ലേസ്‌മെന്റുകളായിരുന്നില്ല അയാളുടെ ഒരു ഷോട്ടും. ചുമ്മാ വെട്ടുക തന്നെ. മറ്റുള്ളവരുടെ ബാറ്റിംഗ് കണ്ടിരിക്കുന്നതാണ് രസമെങ്കില്‍ അയാളുടെ ഓട്ടം കണ്ടിരിക്കുന്നതാണ് രസം.

ഇതെന്തെടാ ഇവന്‍ ഇങ്ങനെ നമ്മളെ പോലെ ബാറ്റും കൊണ്ട് നിക്കുകേം അടിക്കുകേം ഒക്കെ ചെയ്യുന്നെന്ന് മനസ് ചോദിച്ചു. ഗാംഗുലി നിര്‍ബന്ധം പിടിച്ചു കൊണ്ട് വന്ന പയ്യനാടാ, ചുമ്മാതാവുവോന്നു മനസ് തന്നെ തിരിച്ചു ചോദിച്ചു.

ക്രീസില്‍ നില്‍ക്കാന്‍ അയാള്‍ക്കൊരു നിര്‍ബന്ധവുമുണ്ടെന്നു തോന്നുമായിരുന്നില്ല. അക്തറും മുരളിയും ബ്രെറ്റ്‌ലീയുമെല്ലാം മൂപ്പിളമ തര്‍ക്കം കൂടാതെ അയാളുടെ കൈക്കരുത്തില്‍ ആകാശം കണ്ടു. 2006-ഇല്‍ കരിയറിന്റെ തുടക്കകാലത്ത് പാകിസ്ഥാനുമായി വിശാഖപട്ടണത്തു നടന്ന മാച്ചില്‍ 123 പന്തില്‍ 148 റണ്‍സാണ് അയാള്‍ അടിച്ചു കൂട്ടിയത്. അടുത്ത ദിവസം മനോരമയുടെ സ്‌പോര്‍ട്‌സ് പേജില്‍,സെമി ഓട്ടോമാറ്റിക് റൈഫിളുമായി എയിം ചെയ്തു നില്‍ക്കുന്ന കമന്‍ഡോയിലെ അര്‍ണോള്‍ഡിനെ പോലെ, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റൊക്കെയായി ബാറ്റുമായി നില്‍ക്കുന്ന ധോണിയുടെ പടമാണ് വന്നത്. അതെല്ലാം ഒരു റാംബോ ബോയ് ഇമേജാണ് ധോണിക്ക് ഉണ്ടാക്കിയെടുത്തത്.

ദ്രാവിഡ് കൊല്ലാന്‍ പറയും ഇവന്‍ പോയി തിന്നിട്ടു വരും.’
‘പോടാ ദ്രാവിഡ് അങ്ങനെ കൊല്ലാനൊന്നും പറയൂല്ല… ‘

കൊല്ലാന്‍ പറഞ്ഞില്ലേലും ദ്രാവിഡ് അയാളുടെ ശൈലി മാറ്റാന്‍ ഉറപ്പായും പറഞ്ഞില്ല. എന്തിന് മാറ്റണം. 2006-ഇല്‍ കേവലം 42 ഇന്നിങ്‌സിന്റെ മാത്രം പിന്‍ബലത്തില്‍ ഐ സി സി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരന്റെ കസേരയിലേറുമ്പോള്‍ അയാള്‍ക്ക് വേണ്ടി രണ്ടിലേക്കിറങ്ങിയത് അങ്ങനെയൊന്നും എവിടെയും രണ്ടാം സ്ഥാനക്കാരനാകാത്ത ഒരു മുതലാണ്.റിക്കി പോണ്ടിങ്.

ഒരാഴ്ചയ്ക്ക് ശേഷം ആദം ഗില്‍ക്രിസ്‌റ് ഒന്നാം സ്ഥാനത്തേക്ക് വന്നെങ്കിലും അത് ക്ലാസ്സ് റൂം റൂമറുകളില്‍ 10 ലിറ്റര്‍ പാല് കുടിക്കുന്ന പയ്യന്‍ വകയൊരു സിഗ്‌നലായിരുന്നു. ഒരു വലിയ സിഗ്‌നല്‍.
പെണ്‍പിള്ളേരൊക്കെ ധോണി ധോണീന്ന് പറയാന്‍ തുടങ്ങി. ആത്യന്തികമായി അസൂയയായിരുന്നു ആശ്ചര്യത്തിന് ശേഷം അയാളോടുണ്ടായ ആദ്യ വികാരം എന്ന് തോന്നുന്നു. ഓ പിന്നെ യുവരാജിന്റെ അത്രേം ഒന്നൂല്ല എന്ന് പറയുവെങ്കിലും അയാളില്‍ അതിനേക്കാള്‍ വലുതായി എന്തൊക്കെയോ ഉണ്ടെന്നറിയാം.

2007-ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഉള്ളറകളില്‍ കാര്യമായെന്തോക്കെയോ നടക്കുന്നുണ്ട്. അത്ര മേല്‍ വലിയ പ്രഹരമാണ് ലോകകപ്പിലെ ആദ്യ റൗണ്ട് തോല്‍വി ഉണ്ടാക്കിയത്. ക്യാപ്റ്റന്‍ പദവിയില്‍ ദ്രാവിഡ് ഇനിയില്ല. ക്രിക്കറ്റ് ജീനിയസായി വിലയിരുത്തപ്പെടുമ്പോഴും ഒരു തവണ തൊട്ടു കൈപൊള്ളിയ കനല്‍ക്കിരീടം സച്ചിന്‍ ഇനി തലയിലേറ്റാന്‍ സാധ്യത തുലോം കുറവ്. വേറെയാരാ…? യുവരാജ്, സെവാഗ്….
അടുത്ത ദിവസം പത്രത്തില്‍ യുവിയുടെയും സെവാഗിന്റെയും ഒറ്റ കോളം പടം വച്ചു ആരാകും അടുത്ത ക്യാപ്റ്റന്‍ എന്ന തലക്കെട്ടിലൊരു ഫീച്ചറും. ഒരു യുവരാജ് ആരാധകന് ആഹ്ലാദിക്കാന്‍ വേറെയെന്ത് വേണം. ട്വിസ്റ്റുണ്ട്

ചിത്രത്തില്‍ പോലുമില്ലാത്ത ധോണിയാണത്രെ ക്യാപ്റ്റന്‍. ശെടാ… ഒരു ക്യാപ്റ്റന് വേണ്ട എന്തെങ്കിലും ശേഷി ഇവനുണ്ടോ. എന്നാലും സച്ചിനൊക്കെ റെക്കമന്റ് ചെയ്യണമെങ്കില്‍….എന്തെങ്കിലുവൊക്കെ കാണുവെടെയ്. പക്ഷേ സച്ചിനപ്പുറത്തേക്ക് ചിന്തിച്ചാല്‍, മറ്റാര് വന്നാലും ടീമിനുള്ളില്‍ അന്ത ചിദ്രങ്ങള്‍ക്കും പടലപ്പിണക്കങ്ങള്‍ക്കും വഴി വക്കുമെന്ന ഗതികേടിലാകും ഈ വെടിക്കെട്ടുകാരന്‍ പയ്യനിലേക്കു സെലക്ടര്‍മാര്‍ എത്തിയിട്ടുണ്ടാവുക.

perfect mistake ആയിരുന്നു ധോണി എന്ന ക്യാപ്റ്റന്‍ എന്ന് സെലക്ടര്മാര്ക്ക് മനസിലാകാന്‍ അധികകാലം എടുത്തില്ല.

പ്രഥമ ടി -20 ലോക കപ്പ്: ഫൈനലിലെ മഹീന്ദ്രജാലം ഒരുപാട് പാടി പതിഞ്ഞതാണ്. ടൂര്‍ണമെന്റില്‍ അയാള്‍ക്ക് ബാറ്റ് കൊണ്ട് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പക്ഷേ ബാറ്റും ബോളും കൊണ്ട് കളിക്കുന്ന കളി തലച്ചോര്‍ കൊണ്ട് അയാള്‍ വരുതിയിലാക്കുന്നത് ലോകം ആദ്യമായി കണ്ടു. തന്റെ കരിയറിന്റെ വില പറയുന്ന ഓവര്‍ എറിയാന്‍ അയാള്‍ തിരഞ്ഞെടുത്തത് ജോഗീന്ദര്‍ ശര്‍മ എന്ന ശരാശരിക്കാരനെയാണ്. ജോഗീന്ദര്‍ ശര്‍മയെ അയാള്‍ ടൂര്‍ണമെന്റില്‍ ഉപയോഗിച്ച വിധം മാത്രം മതി, മറ്റ് ക്യാപ്റ്റമാര്‍ക്ക് പ്ലേയര്‍ യൂട്ടെലൈസെഷന്‍ എന്ന ഒരു പാഠം പഠിക്കാന്‍. സെറ്റായ മിസ്ബായെ വീഴ്ത്തി അപ്രാപ്യമായിരുന്ന ഒരു കിരീടം ചുണ്ടില്‍ ചേര്‍ത്ത ധോണിയേ പറ്റിയല്ല പറയാന്‍ വന്നത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ ടൂണമെന്റിലെ തന്നെ ആദ്യ മത്സരം കളിച്ച തുടക്കകാരനെപ്പറ്റിയാണ്. പാകിസ്ഥാനായിരുന്നു എതിരാളികള്‍. ലോ സ്‌കോറിങ് മാച്ച് ടൈ ആയതോടെ ബോള്‍ ഔട്ടിലേക്ക്. ബാറ്‌സ്മനില്ലാത്ത വിക്കറ്റ് ബോള്‍ ചെയ്തു വീഴ്ത്തണം. പെനാല്‍റ്റി ഷൂട്ട് ഔട്ട് ഒക്കെ പോലെ, പാകിസ്ഥാനായി പന്തെറിയാന്‍ വന്നത് പേസ് ബോളര്‍മാരായ യാസിര്‍ അറഫാത്തും ഉമര്‍ ഗുല്ലും പിന്നെ അഫ്രീദിയും. ഇന്ത്യക്കായോ ഹര്‍ഭജനും സെവാഗും പിന്നെ ഫീല്‍ഡ് ചെയ്യുമ്പോ മാത്രം പന്ത് തൊടുന്ന ഉത്തപ്പയും.

അവര് വലിയ റണ്‍ അപ്പൊക്കെ എടുത്തു വന്നു സ്റ്റമ്പ് ലാക്കാക്കി ആഞ്ഞെറിഞ്ഞു. ഒന്നു പോലും വിക്കറ്റ് വീഴ്ത്തിയില്ലെന്ന് മാത്രമല്ല, എല്ലാം ഒരു മൈല്‍ ദൂരെ കീപ് ചെയ്തിരുന്ന കമ്രാന്‍ അക്മലിന്റെ കൈയില്‍ ഭദ്രമായെത്തി. പക്ഷേ ഇന്ത്യയുടെ അവസരത്തില്‍ ഒരു വ്യത്യാസമുണ്ടായിരുന്നു. തുടക്കക്കാരനായ ആ സ്‌കിപ്പര്‍ ബോള്‍ ഔട്ടില്‍ നിലയുറപ്പിച്ചത് സ്റ്റമ്പിന് നേരെ പിന്നിലാണ്. അതും മുട്ട് കുത്തി അസാധാരണമായ പൊസിഷനില്‍. അയാള്‍ക്കിട്ടെറിഞ്ഞാല്‍ മതി, ഉറപ്പായും വിക്കറ്റ് വീഴും എന്ന് തോന്നി പോകും. സംഗതി 3-0 ക്ലീന്‍ ആയി ഇന്ത്യ ജയിച്ചപ്പോ ഒരു സ്പാര്‍ക് ഉണ്ടായി. ഇവന്‍ പൊട്ടനല്ല.
ഒരു കോച്ച് പോലുമില്ലാത്ത പിള്ളേര്‌സെറ്റിനെ കൊണ്ടാണ് ഇവന്‍ പോയി കപ്പ് അടിച്ചിട്ട് വരുന്നേ. സച്ചിന്റെ ആരാധക കോട്ടകള്‍ക്ക് വിള്ളലുണ്ടായി തുടങ്ങി. ഇന്ത്യന്‍ യുവത്വം മുടി നീട്ടി വളര്‍ത്തി തുടങ്ങി. (പയ്യന്മാര്‍ക്കൊക്കെ മുടി വളര്‍ന്നു സെറ്റായപ്പോഴേക്കും ഇയാള്‍ മുടി മുറിച്ചു).

ഒരു പാട്ട് തീരുന്ന സമയത്ത് മാണിക്യം മാണിക്ക് ബാഷയാകുന്നത് പോലെയായിരുന്നു പിന്നെ ധോണിയുടെ വളര്‍ച്ച. സങ്കല്‍പ്പങ്ങളുടെ അതിരുകള്‍ ഭേദിച്ചു ക്യാപ്റ്റന്‍ യാത്ര ചെയ്തു. ക്യാപ്റ്റന്‍സി ഉറപ്പായും അയാളുടെ ബാറ്റിങ്ങിനെ ബാധിച്ചു. എന്നാലത് പ്രകടനത്തെയല്ല ശൈലിയെ. എല്ലാ പന്തിലും അയാളുടെ ബാറ്റില്‍ നിന്നും റണ്ണൊഴുകുന്നത് തുടര്‍ന്നു. പക്ഷേ ഏതു പന്തിലും കൂറ്റന്‍ ഷോട്ടുകള്‍ക്ക് മുതിരുന്ന സാഹസിയായ ബാറ്റ്‌സ്മാന് ഇരുത്തം വന്നു(കരിയറിന്റെ രണ്ടാം ഘട്ടത്തില്‍ ഏതൊരു ബാറ്റ്‌സ്മാനും ഉണ്ടാകാവുന്ന മാറ്റം.). പക്വതയാര്ന്ന പ്രകടനങ്ങള്‍ അയാളില്‍ നിന്നും പലപ്പോഴും ടീമിന്റെ രക്ഷക്കെത്തി.
കൈയ്യിലുള്ള സാങ്കേതികത്വം കൊണ്ട് ടെസ്റ്റിലിയാള്‍ക്ക് അധികനാള്‍ തുടരാനാകില്ലെന്ന് പലരും ചാപ്പ കുത്തി. എന്നാല്‍ നേതൃപാടവം കൊണ്ട് അയാള്‍ പതിവ് പോലെ വിമര്‍ശകരുടെ സ്റ്റംപ് പിഴുതു. 2009-ലും 2010-ലും പിന്നെ 2013-ലും ലോക ടെസ്റ്റ് ഇലവന്റെ ക്യാപ്റ്റനായി അയാള്‍ തിരഞ്ഞെടുക്കപ്പെട്ടു.

ഇതിനിടയില്‍ വിക്കറ്റിനു പിന്നിലും അയാള്‍ പേരെടുത്തു തുടങ്ങി. തട്ടുപൊളിപ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കീപ്പറായി തുടങ്ങിയ അയാള്‍ അധികം വൈകാതെ ഒന്നാന്തരം കീപ്പറെന്ന പേരില്‍ പേരെടുത്തു. ബാറ്റ്‌സ്മാന്റെ കാലുകള്‍ എപ്പോഴെങ്കിലും ക്രീസിനുള്ളില്‍ നിന്നുമൊന്നനങ്ങിയാല്‍ മതി. ധോണി സ്റ്റംപിനു പിന്നിലുള്ള പക്ഷം അയാള്‍ക്ക് ഡ്രസിംഗ്‌റൂമിലേക്ക് മടങ്ങാം.


2011 ലോകകപ്പ്: ടൂര്‍ണമെന്റിന് മുന്‍പു വരെ ഫോമിലല്ലാതെ ഉഴറിയിരുന്ന യുവരാജ് സിംഗിനെ ധോണിയുടെ താത്പര്യപ്രകാരം ടീമിലുള്‍പ്പെടുത്തുന്നു. യുവിയുടെ ഫോമിനെപ്പറ്റി ചോദ്യമുയര്‍ന്നപ്പോള്‍ ഇംഗ്ലണ്ടിനെതിരെയോ മറ്റോ അവസാനം നടന്ന മത്സരത്തില്‍ ഉഴറി നേടിയ അര്‍ധ സെഞ്ച്വറി കൊണ്ട് ധോണി അയാളെ പ്രതിരോധിച്ചു. പിന്നെയെന്താണ് നടന്നതെന്ന് നമ്മളെല്ലാം കണ്ടതാണ്. ടൂര്‍ണമെന്റിലുടനീളം സഹീര്‍ഖാനെ അയാളുപയോഗിച്ച രീതിയും അത് പൂര്‍ണമായും വിജയിച്ചതും അയാളിലെ ക്രിക്കറ്റിംഗ് ജീനിയസിന്റെ അടയാളപ്പെടുത്തലുകളാണ്.

ഫൈനലില്‍ മുരളി ബോള്‍ ചെയ്യുമ്പോള്‍ യുവിയ്ക്ക് മുന്‍പെ ഒരു സ്വയം പ്രമോഷന്‍. ഗംഭീറിനൊപ്പം ക്രൂഷ്വലായ പാര്‍ട്ണര്‍ ഷിപ്പ്. ഒടുവില്‍ 48-ംഓവറില്‍ ആ നിമിഷം. അയാള്‍ക്കധികം ആഹ്ലാദിക്കാനൊന്നുമുണ്ടെന്ന് തോന്നിയില്ല. ഓടിയെത്തിയ യുവരാജിനെ നിരാശപ്പെടുത്താതിരിക്കാനാകണം വാരിപ്പുണര്‍ന്നത്. പ്രിയപ്പെട്ട കുമാര്‍ സംഗക്കാര, ആ ഫ്രെയിമില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ ആഹ്ലാദം പതിന്മടങ്ങിരട്ടിയായിരുന്നേനേ.

ഫൈനലില്‍ മുരളി ബോള്‍ ചെയ്യുമ്പോള്‍ യുവിയ്ക്ക് മുന്‍പെ ഒരു സ്വയം പ്രമോഷന്‍. ഗംഭീറിനൊപ്പം ക്രൂഷ്വലായ പാര്‍ട്ണര്‍ ഷിപ്പ്. ഒടുവില്‍ 48-ംഓവറില്‍ ആ നിമിഷം. അയാള്‍ക്കധികം ആഹ്ലാദിക്കാനൊന്നുമുണ്ടെന്ന് തോന്നിയില്ല. ഓടിയെത്തിയ യുവരാജിനെ നിരാശപ്പെടുത്താതിരിക്കാനാകണം വാരിപ്പുണര്‍ന്നത്. പ്രിയപ്പെട്ട കുമാര്‍ സംഗക്കാര, ആ ഫ്രെയിമില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന നിങ്ങളില്ലായിരുന്നെങ്കില്‍ ഞങ്ങളുടെ ആഹ്ലാദം പതിന്മടങ്ങിരട്ടിയായിരുന്നേനേ.

2013 ത്രിരാഷ്ട്ര പരമ്പരയിലെ അവസാന ഓവറും 2016 ടി ട്വന്റി ലോകകപ്പില്‍ ബംഗ്ലദേശിനെ ഓടിത്തോപ്പിച്ച റണ്ണൗട്ടും അങ്ങനെ പിന്നെയുമെത്രയെത്ര നിമിഷങ്ങള്‍. കാന്‍സറിന് ശേഷം തിരികെയെത്തിയ യുവി ഇംഗ്ലണ്ടിനെതിരെ ഒരു മാരത്തണ്‍ ഇന്നിംഗ്‌സും അതില്‍ തന്നെ കരിയറിലെ മികച്ച സ്‌കോറും നേടുമ്പോള്‍ അത് കൂടുതല്‍ പ്രിയപ്പെട്ടതാക്കിയത് മറുവശത്ത് അയാളുടെ ആ പഴയ കൂട്ടുകാരന്‍ ഉണ്ടായിരുന്നത് കൂടിയാണ്. സമകാലീന ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ ഭാഗദേയം നിര്‍ണയിച്ച രോഹിത് ശര്‍മ്മ എന്ന ഓപ്പണറുണ്ടായതും ഇയാളുടെ തലച്ചോറിലാണ്. റെയ്‌നയും രവീന്ദ്ര ജഡേജയുമൊക്കെ പ്രിയപ്പെട്ട കളിക്കാരായത് അവര്‍ ധോണിയ്ക്ക് പ്രിയപ്പെട്ടവരായത് കൊണ്ട്കൂടിയാണ്.

വിജയങ്ങള്‍ക്ക് ശേഷമുള്ള ഫോട്ടോസെഷനുകളില്‍ ധോണിയുടെ മുഖം കണ്ടെത്തുക എന്നും ഏറെ പ്രയാസമാണ്. ആരുടെയെങ്കിലും തോളിനു മുകളിലൂടെയോ നീണ്ട് നില്‍ക്കുന്ന കൈകള്‍ക്കിടയിലൂടെയോ പിന്‍നിരയില്‍ ആ മുഖത്തിന്റെ ഏതെങ്കിലും ഭാഗം കാണാം. ഗ്രൗണ്ടിനു പുറത്ത് കാമറകളുടെ വെള്ളിവെളിച്ചത്തോടുള്ള അയാളുടെ താത്പര്യക്കുറവ് വിരമിക്കലിലും കണ്ടു. സ്വന്തം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അയാള്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഓര്‍മ്മ വരുന്നത് രവിശാസ്ത്രിയുടെ ആ കമന്ററിയാണ്

‘Dhoni finishes it off in style…’

Leave a Reply

Your email address will not be published. Required fields are marked *