ഗഡ്‌ഗരിയുടെ ഗ്രാമത്തിൽ ബിജെപി തോറ്റു

നാഗപുർ: ആർഎസ്‌എസ്‌ ആസ്ഥാനമായ നാഗ്‌പുരിൽ ജില്ലാ പരിഷത്ത്‌ തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വൻ തിരിച്ചടി. ബിജെപി മുൻ ദേശീയ അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്‌കരിയുടെ ജന്മഗ്രാമമായ ധപേവാഡയിൽ ബിജെപി പരാജയപ്പെട്ടു.

കോൺഗ്രസ്‌ സ്ഥാനാർഥി മഹേന്ദ്ര ദോഗ്രെയാണ്‌ നാലായിരത്തോളം വോട്ടിന്‌ ബിജെപിയുടെ മാരുതി സോംകുവറിനെ തോൽപ്പിച്ചത്‌. ദോഗ്രെക്ക്‌ 9444 വോട്ടും സോംകുവറിന്‌ 5501 വോട്ടും ലഭിച്ചു. കഴിഞ്ഞ മൂന്നു തടവണയായി ബിജെപി തുടർച്ചയായി വിജയിക്കുന്ന സീറ്റാണ്‌ ധപേവാഡ. ഇത്തവണ ഈ സീറ്റ്‌ പട്ടികജാതി സംവരണമായിരുന്നു.

58 അംഗ നാഗപുർ ജില്ലാ പരിഷത്തിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ വെറും 14 സീറ്റുമാത്രമാണ്‌ നേടാനായത്‌. കോൺഗ്രസ്‌ 31 സീറ്റും എൻസിപി 10 സീറ്റും നേടി. ശിവസേനക്ക്‌ ഒന്നും മറ്റുള്ളവർക്ക്‌ രണ്ടും സീറ്റുണ്ട്‌.

പൽഘർ, നാഗ്പൂർ, ധൂലെ, നന്ദൂർബാർ, അകോല, വാസിം എന്നിവിടങ്ങളിൽ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണൽ തുടരുകയാണ്‌. ശിവസേന, കോൺഗ്രസ്, എൻസിപി എന്നിവയുടെ മഹാ വികാസ് അഖാഡി സഖ്യത്തിൽനിന്ന് കടുത്ത വെല്ലുവിളിയാണ്‌ എല്ലായിടത്തും ബിജെപി നേരിടുന്നത്‌.

പൽഘർ ജില്ലാ പരിഷത്തിന് കീഴിലുള്ള 57 സീറ്റിൽ 18 സീറ്റുകളുമായി ശിവസേനയാണ്‌ മുന്നിൽ, ബിജെപിക്ക് 10 സീറ്റും എൻസിപിക്ക്‌ 15 സീറ്റും കോൺഗ്രസിന് ഒരു സീറ്റും ലഭിച്ചു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൻ സേന (എം‌എൻ‌എസ്) അക്കൗണ്ട് തുറക്കുന്നില്ല. ഇതാദ്യമായി ധൂലെയിലെ 56 സീറ്റുകളിലും അഖാഡി സഖ്യം സ്ഥാനാർഥികകളെ നിർത്തി.

നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം മഹാരാഷ്‌ട്രയിൽ അധികാരമേറ്റ ബിജെപി സർക്കാർ വിശ്വാസവോട്ട്‌ നേടാനാകാതെ പുറത്തായിരുന്നു. പ്രതിപക്ഷ സഖ്യം ശിവസേനാ നേതാവ്‌ ഉദ്ധവ്‌ താക്കറെയെ മുഖ്യമന്ത്രിയാക്കുകയുംചെയ്‌തു. തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക്‌ വീണ്ടും പ്രഹരമായി.

Leave a Reply

Your email address will not be published. Required fields are marked *